ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍; ശക്തമായി അപലപിച്ച് പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി: ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം ശക്തമായി അപലപിച്ചു. ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന യുവ നേതാവാണ് മേവാനി. അദ്ദേഹത്തിന്റെ പ്രചാരണം ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പ്രതിധ്വനിക്കുന്നതും ബിജെപി കോട്ടകളില്‍ പോലും അലയൊലികള്‍ സൃഷ്ടിക്കുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നു.
രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ ബിജെപി പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവരെ എതിര്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു കേസില്‍ ജാമ്യം ലഭിച്ച ഉടന്‍തന്നെ മറ്റൊരു കെട്ടിച്ചമച്ച കേസില്‍ മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. മേവാനിയുടെ മോചനം തടയാന്‍ അസം പോലിസ് തീവ്രശ്രമത്തിലാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഈ കേസുകള്‍ അപകീര്‍ത്തികരമാണെന്നും ഒരു കോടതിയിലും നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും വ്യക്തമാണെങ്കിലും, അത്തരം കേസുകളുടെ ലക്ഷ്യം നിരപരാധികളെ തടവിലാക്കുകയും നീണ്ട നിയമനടപടികളിലൂടെ അവരെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ജനാധിപത്യ പ്രവര്‍ത്തനവും വിയോജിപ്പും കുറ്റകൃത്യങ്ങളാവുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ പാടില്ല. മേവാനിക്കും മറ്റ് മനസ്സാക്ഷി തടവുകാര്‍ക്കുമെതിരേ നടക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികളെ ചെറുക്കാന്‍ രാജ്യത്തെ ജനാധിപത്യശക്തികള്‍ മുന്നോട്ടുവരണമെന്ന് ഒ എം എ സലാം ആവശ്യപ്പെട്ടു.

