ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വാറിയില്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു

Update: 2022-03-04 16:12 GMT

ബംഗളൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. കല്ലുകള്‍ക്കടിയില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ആറ് പേര്‍ക്ക് പരിക്കേറ്റു. മൂലഹള്ള ചെക്ക് പോസ്റ്റില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മടഹള്ളയിലാണ് സംഭവം. മുത്തങ്ങ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയാണിത്. ടിപ്പര്‍ ലോറികളും കല്ലിനടിയില്‍പെട്ടു. കൂടുതല്‍ പേര്‍ പാറക്കെട്ടുകളില്‍ അകപ്പെട്ടോയെന്നറിയാന്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. മേഖലയില്‍ പത്തിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറി ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.