ഭീഷണിപ്പെടുത്തിയും വിലക്കു വാങ്ങിയും മാധ്യമങ്ങളെ നിശ്ശബ്ദരാക്കുന്നു: കല്‍പറ്റ നാരായണന്‍
കൊയിലാണ്ടി: എല്ലാ വിധ വിയോജിപ്പുകളെയും ഭരണകൂടം പ്രോല്‍സാഹിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളുവെന്നും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വിലക്കു വാങ്ങിയും നിശ്ശബ്ദമാക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നതെന്നും പ്രമുഖ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. മീഡിയാവണ്‍ സംപ്രേഷണ വിലക്കിനെതിരേ കൊയിലാണ്ടി പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ തെറ്റുകള്‍ തിരുത്തേണ്ട ജുഡീഷ്യറി നമ്മെ അനാഥപ്പെടുത്തുന്ന കാഴ്ചയാണുള്ളതെന്നും ജുഡീഷ്യറി അന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ നീതി അപ്രത്യക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് ശശീന്ദ്രന്‍ ബപ്പന്‍കാട് അധ്യക്ഷത വഹിച്ചു. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുകയും ഭയത്തിന്റെ വാള്‍ തൂക്കിയിടുകയുമാണ് മീഡിയാവണ്‍ സംപ്രേഷണ വിലക്കിലൂടെ ഭരണകൂടം ചെയ്യുന്നതെന്നും, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ തങ്ങളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ മീഡിയ വണ്‍ സീനിയര്‍ കോഓഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് ചോദിച്ചു.
മൗലികാവകാശങ്ങള്‍ ഹനിക്കുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജന:സിക്രട്ടറി എന്‍ കെ റഷീദ് ഉമരി പറഞ്ഞു.
ഇസ്രായിലിനെതിരേ വാര്‍ത്ത നല്‍കുന്നത് കാണിച്ച് തേജസിനെ ഇല്ലാതാക്കിയവര്‍ മീഡിയാവണിനെതിരെ സീല്‍ വെച്ച കവര്‍ നല്‍കി കാരണം പറയാന്‍ പോലും തയാറാകാതെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരേ ശബ്ദിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് എത്രത്തോളം ഭീതിതമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, എം പി ശിവാനന്ദന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ശിവദാസന്‍ പൊയില്‍ക്കാവ്, ഇ കെ അജിത്ത്, വി പി ഇബ്രാഹിം കുട്ടി, എന്‍ വി ബാലകൃഷ്ണന്‍, മുജീബ് അലി, റസല്‍ നന്തി, അന്‍സാര്‍ കൊല്ലം, ടി ശാക്കിര്‍, വി പി മുഹമ്മദ് ശരീഫ്, ഡോ: സോമന്‍ കടലൂര്‍ എന്നിവര്‍ സംസാരിച്ചു. വി കെ അബ്ദുല്‍ റഷീദ് സ്വാഗതവും കെ വി അല്‍ത്താസ് നന്ദിയും പറഞ്ഞു.

