യുദ്ധഭൂമിയില്‍ നിന്ന് ഏകമകള്‍ മടങ്ങിയെത്തി; ആശ്വാസത്തില്‍ കുടുംബം

Update: 2022-02-28 15:47 GMT

താനൂര്‍: ദിവസങ്ങള്‍ നെഞ്ചടിപ്പോടെ കത്തിരുന്നു ഏകമകള്‍ വീട്ടിലെത്തിയതോടെയാണ് അച്ഛനും അമ്മക്കും ആശ്വാസമായത്, താനൂര്‍ പനങ്ങാട്ടൂര്‍ ചെറിയ പറമ്പത്ത് അശോകന്‍ ബിന്ദു ദമ്പതികളുടെ മകള്‍ അഞ്ജുഅശോകാണ് യുക്രെയ്‌നില്‍ നിന്നും ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെതിയത്. മൂന്നാം വര്‍ഷമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജു അശോക് അടക്കം മലയാളികളടക്കമുള്ള 400 ഇന്ത്യക്കാര്‍ 26 നാണ് യുക്രെയ്‌നില്‍ നിന്നും പുറപ്പെട്ടത്. ബസ്സിലും രണ്ട് മണിക്കൂറോളം നടന്നും അതിര്‍ത്തിയിലെത്തി. അവിടെ നിന്നും ബസ്സില്‍ റൊമാനിയ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. രാത്രി 8 മണിക്കു വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തി. ഞായറാഴ്ച ഉച്ചക്ക് കൊച്ചിയിലും അവിടെ നിന്നും താനൂര്‍, പരപ്പനങ്ങാടി , കോഴിക്കോട് ഭാഗത്തേക്കുള്ള അജ്ജു അശോകും മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ടാക്‌സിയില്‍ പുറപ്പെട്ട് ഞായറാഴ്ച രാത്രിയോടെ വെന്നിയൂരില്‍ എത്തി. മകളെ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ കാത്ത് നിന്നിരുന്നു.

പതിനഞ്ചാം തിയ്യതി മുതല്‍ തന്നെ ബന്ധപ്പെട്ടവര്‍ ചെറിയ സൂചന നല്‍കിയിരുന്നതായി അഞ്ജു പറഞ്ഞു. ഫെബ്രുവരി 25ഓടെ ചെറിയ വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിച്ചിരുന്നതാണ് ഏക ആശ്വാസം. ഇന്ത്യന്‍ എംബസിയും ആവശ്യമായ ഇടപെടലുകള്‍ നടത്തിയതും ആശ്വാസമായി. ഇന്ത്യന്‍ എംബസി ഇടപ്പെട്ട് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും അഞ്ജു പറഞ്ഞു.