യുക്രെയ്‌നെതിരായ സൈനിക നടപടി: യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു
ന്യൂയോര്‍ക്ക്: യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രെയ്‌നെതിരായ റഷ്യയുടെ സൈനിക നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്രമേയത്തില്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുണ്ട്. റഷ്യ, യുക്രെയ്‌നില്‍നിന്നും നിരുപാധികം പിന്‍മാറണണെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. യുക്രെയ്‌ന് ധനസഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്.
അതേസമയം, പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യയും ചൈനയും യുഎഇയിലും വിട്ടുനിന്നു. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചത്. 15 രക്ഷാസമിതി അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനില്‍ക്കുകയായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക പറഞ്ഞു.
'നിങ്ങള്‍ക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാവും. എന്നാല്‍, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാവില്ല. സത്യത്തെ നിങ്ങള്‍ക്ക് വീറ്റോ ചെയ്യാനാവില്ല. നമ്മുടെ തത്വങ്ങളെയും യുക്രെയ്ന്‍ ജനതയെയുമൊന്നും നിങ്ങള്‍ക്ക് വീറ്റോ ചെയ്യാനാവില്ല'- അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അബദ്ധങ്ങള്‍ ചെയ്യാന്‍ നില്‍ക്കരുതെന്നും ബ്രിട്ടീഷ് അംബാസഡര്‍ ബര്‍ബറ വുഡ്‌വാര്‍ഡ് പറഞ്ഞു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ഒരു പിന്തുണയുമില്ലെന്നും ബര്‍ബറ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രക്ഷാസമിതി അധ്യക്ഷന്‍ റഷ്യന്‍ പ്രതിനിധിയാണ്. രക്ഷാസമിതിയില്‍ പ്രമേയം പാസായില്ലെങ്കിലും യുഎന്‍ പൊതുസഭയിലും സമാനമായ പ്രമേയം വോട്ടിനെത്തും. പൊതുസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാവാനിടയുണ്ടെങ്കിലും ഇത് റഷ്യയെ ബാധിക്കില്ല. 'നമുക്ക് അറിയാവുന്ന നമ്മുടെ അന്താരാഷ്ട്ര വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നതാണ്' ആക്രമണമെന്നാണ് വോട്ടെടുപ്പിന് മുമ്പ് തോമസ് ഗ്രീന്‍ഫീല്‍ഡ് റഷ്യന്‍ അധിനിവേശത്തെ വിശേഷിപ്പിച്ചത്.
