അഞ്ച് കേന്ദ്രങ്ങളില്‍ പണ്ഡിത സംഗമം സംഘടിപ്പിക്കും: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
കോഴിക്കോട്: ഹിജാബ് അഭിമാനവും സുരക്ഷയും എന്ന ദേശീയ കാംപയിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ കേന്ദ്രങ്ങളില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പണ്ഡിത സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യക്തിസ്വാതന്ത്ര്യവും മതവിശ്വാസവും മൗലികാവകാശമായ നമ്മുടെ രാജ്യത്ത് കര്‍ണാക സ്‌റ്റേറ്റില്‍ മുസ്‌ലിം സ്ത്രീകളുടെ ഐഡന്റിറ്റിയായ ശിരോവസ്ത്രത്തിന് താല്‍കാലികമായി നിരോധനം ഏര്‍പ്പെടുത്തപ്പെട്ടിരിക്കുകയാണ്.
സുരക്ഷയുടെയും അഭിമാനത്തിന്റെയും പ്രതീകമായി മുസ്‌ലിം വനിതകള്‍ ജീവിത ശീലമാക്കിയ ഹിജാബ് നിഷേധിക്കുന്നത് നീതീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. സംഘപരിവാര്‍ ഒത്താശയോടെ സ്‌കൂള്‍ അധികൃതര്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ കൂടിയാണ് ഹനിക്കുന്നത്. ചോദ്യം ചെയ്യുന്നവരെ ആള്‍ക്കൂട്ടത്തെ കൊണ്ട് ആക്രമണം നടത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. യൂനിഫോമിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കിയത് കേവലം ഇസ്‌ലാമോഫോബിയ വിറ്റഴിച്ച് വോട്ടുനേടുക എന്ന ക്ഷണിക രാഷ്ട്രീയ ലക്ഷ്യമല്ല, ഹിന്ദുത്വ ഫാഷിസത്തിന്റെ മുസ്‌ലിം ഉന്‍മൂലന അജണ്ടയുടെ ഭാഗമാണ്.
കര്‍ണാടകം പരീക്ഷിക്കുന്ന ഹിജാബ് നിരോധനം ബിജെപി ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ വന്നിട്ടുണ്ട്. ഹിജാബ് നിരോധനം ഏകസിവില്‍ കോഡിലേക്കുള്ള കുറുക്കുവഴിയാണെന്ന സാമൂഹിക നിരീക്ഷകരുടെ ആശങ്ക ഈ സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യമതേതര വിരുദ്ധമായ നീക്കങ്ങള്‍ നാം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. അത്തരം ഒരു ബോധവല്‍ക്കരണമാണ് ഇമാംസ് കൗണ്‍സില്‍ പണ്ഡിത സംഗമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.