വധശിക്ഷ റദ്ദാക്കും വരെ നിയമ പോരാട്ടത്തെ പിന്തുണക്കുക: മൗലാനാ അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി

Update: 2022-02-19 14:46 GMT

ഈരാറ്റുപേട്ട: അഹമ്മദാബാദ് സ്‌ഫോടനക്കേസിലുണ്ടായ നീതീകരിക്കാനാവാത്ത ശിക്ഷാവിധി റദ്ദാക്കി നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ മോചിപ്പിക്കപ്പെടും വരെ നിയമ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പൊതുസമൂഹവും മത സാമൂഹ്യ സംഘടനകളും രംഗത്ത് വരണമെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗം മൗലാനാ അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ടയിലെ ശിബിലിയുടെയും ശാദുലിയുടെയും വീട് സന്ദര്‍ശിച്ചു പിതാവ് അബ്ദുല്‍ കരീമിനെ സാന്ത്വനിപ്പിക്കുകയും പ്രാര്‍ഥനയും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷമുള്ള പ്രസ്താവനയിലാണിത് ആവശ്യപ്പെട്ടത്.

വിദ്യാസമ്പന്നരും മതബോധവുമുള്ള ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ വ്യാജവും അവിശ്വസനീയവുമാണ്. നശീകരണ ശേഷിയുള്ള സ്‌ഫോടനം പോലുള്ള പ്രതികരണങ്ങളെ അനിസ്‌ലാമികമായി കരുതുന്ന സമുദായത്തിന്റെ ഭാഗമാണ് ഈ യുവാക്കള്‍. ഗോധ്രയിലും ഗുജറാത്തിലെ പല ഭാഗങ്ങളിലും മുമ്പുണ്ടായ സ്‌ഫോടനങ്ങളുടെ സൂത്രധാരന്മാരും കുറ്റകൃത്യം ചെയ്തവരും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. 2008 ല്‍ നടന്ന അഹമ്മദാബാദിലെ സ്‌ഫോടനങ്ങളുടെ കുറ്റവാളികള്‍ക്ക് പകരം നിരപരാധികളെ വേട്ടയാടുന്നത് നിര്‍ത്തി യഥാര്‍ത്ഥ പ്രതികളെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടത്.

ഏകപക്ഷീയവും അന്ധവുമായ വിധിതീര്‍പ്പിലൂടെ നിരപരാധികള്‍ ക്രൂരമായി ശിക്ഷിക്കപ്പെടുന്ന സാഹചര്യം നമ്മുടെ രാജ്യത്തിന്റെ സുഗമമായ മുന്നറ്റത്തിന് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.