മദ്യലഹരിയില്‍ മകന്‍ അച്ചനെ അടിച്ചു കൊലപ്പെടുത്തി

Update: 2022-02-15 14:57 GMT

മലപ്പുറം: മദ്യലഹരിയില്‍ മകന്‍ അച്ചനെ അടിച്ചു കൊലപ്പെടുത്തി. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. പള്ളിക്കുത്ത് പുന്നപുഴ പൊട്ടിയില്‍ തറയില്‍ പുത്തന്‍വീട് തങ്കച്ചന്‍ ആണ് മകന്റെ കൈ കൊണ്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. 70 വയസ്സായിരുന്നു. കൊച്ചുമോന്‍ എന്ന വര്‍ഗീസിനെ പോലിസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. വടി കൊണ്ടുള്ള അടി തലക്കേറ്റതാണ് മരണകാരണം. മകന്റെ അടിയേറ്റ് നിലത്ത് വീണ വര്‍ഗീസ് തലക്കേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരിച്ചത്. അര മണിക്കൂര്‍ നേരം രക്തം വാര്‍ന്ന് കിടന്ന വര്‍ഗീസിനെ നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ വര്‍ഗീസ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം പതിവായിരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്കച്ചന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: അമ്മിണി മക്കള്‍: വര്‍ഗീസ്, ലിസി.