ഹിജാബ് നിരോധനത്തിന്റെ പിന്നില്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം തടയിടുക എന്ന ലക്ഷ്യം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

Update: 2022-02-13 05:57 GMT

ആലുവ: ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം മുസ്‌ലിം സമുദായം, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയെ തടയിടുന്നതിന് വേണ്ടിയുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് സംഘപരിവാര്‍ സര്‍ക്കാറുകള്‍ ഹിജാബ് നിരോധനം കാംപസുകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ആര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുള്ള ഇന്ത്യാ രാജ്യത്ത് ഒരു മതത്തിന്റെ വസ്ത്രത്തിന്റെ മേല്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയോഗം വിലയിരുത്തി.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി എ അബ്ദുല്‍ ഗഫാര്‍ കൗസരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വൈസ് പ്രസിഡന്റ് അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. സൗന്ദര്യം മറച്ച് വയ്‌ക്കേണ്ടതല്ലെന്നും ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് ഖാന്റെ പ്രസ്താവന സാമാന്യ യുക്തിക്കും ഇസ്‌ലാമിക ചരിത്രത്തിനും നിരക്കാത്തതാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരു സ്ത്രീ പോലും ഹിജാബിനെതിരായിരുന്നില്ല എന്ന് മാത്രമല്ല അവരെല്ലാം പൂര്‍ണ്ണമായും ഹിജാബ് പാലിച്ചിരുന്നു. ഹിജാബിനെ എതിര്‍ത്ത ഒരൊറ്റ ചരിത്ര സ്ത്രീകളെയും ചൂണ്ടി കാണിക്കാന്‍ ആരിഫ് ഖാന് മാത്രമല്ല ആര്‍ക്കും സാധിക്കുകയില്ല.

അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ മീഡിയാവണ്‍ നിരോധിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും യോഗം വിലയിരുത്തി.ഇതിനെതിരെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു. മീഡിയാവണ്‍ നിരോധനം

ഹിജാബ് നിരോധനം എന്നിവയ്‌ക്കെതിരെ യോഗം പ്രമേയം പാസാക്കി.

മുഫ്തി താരിഖ് അന്‍വര്‍ ഖാസിമി , അബ്ദുറഹീം കൗസരി , മുഹമ്മദ് അന്‍സാരി കൗസരി, നവാസ് ബഷീര്‍ അസ്‌ലമി , ഓണമ്പിള്ളി അബ്ദുസ്സത്താര്‍ ബാഖവി എറണാകുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി സ്വാഗതവും സംഘടന സെക്രട്ടറി ഷംസുദീന്‍ ഖാസിമി നന്ദിയും പറഞ്ഞു.