തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. രാവിലെ പതിനൊന്നരക്കാണ് രാജ്ഭവനില്‍ കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പിഎംഎ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളതെന്നാണ് വിവരം.
ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ കേസുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കും.നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്.
അതേ സമയം എജിയുടെ നിയമോപദേശപ്രകാരമാണ് ഓര്‍ഡിനന്‍സ് എന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ നിയമമന്ത്രി വിശദീകരിച്ചത്. ഗവര്‍ണ്ണറുടെ തുടര്‍നടപടിയാണ് ഇനി പ്രധാനം. ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക. ലോകായുക്തക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
എന്നാല്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുളള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു.
