അല്‍ ഉസ്താദ് അബുല്‍ ബുഷ്‌റാ മൗലാനാ തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ഗുരുനാഥന്‍: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2022-01-24 03:07 GMT

തിരുവനന്തപുരം: തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന പണ്ഡിത ലോകത്തെ ഇതിഹാസമാണ് നമ്മില്‍നിന്നും വിടപറഞ്ഞ മര്‍ഹൂം ചേലക്കുളം അബുല്‍ ബുഷ്‌റാ മൗലാനയെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാദിയുമായിരുന്ന സൈനുല്‍ ഉലമാ കാലഘട്ടം അപൂര്‍വമായി സമ്മാനിക്കുന്ന പണ്ഡിത തേജസ്സായിരുന്നു.

തെക്കന്‍ കേരളത്തിന്റെ വൈജ്ഞാനിക നവോത്ഥാന ചരിത്രം അക്ഷരാര്‍ഥത്തില്‍ ശൈഖുനയുടെ ചരിത്രമാണ്. അര നൂറ്റാണ്ടുകാലത്തോളം പ്രഭ പരത്തിയ ആ അനുഗൃഹീത പ്രതിഭ കേരളം കണ്ട എക്കാലത്തെയും പ്രതിഭാധനരായ ശിഷ്യഗണങ്ങളെ സമൂഹത്തിന് സമ്മാനിച്ചു. മര്‍ഹൂം ശൈഖുനാ അബ്ദുല്‍ കരിം മൗലാനാ ആ മലര്‍വനിയില്‍നിന്നും മധുനുകര്‍ന്ന പണ്ഡിതശേഷ്ഠനാണ്.

മരണം വരെയും ദീനീ പ്രബോധനവും വിജ്ഞാന പ്രചരണവും ജീവിതനിയോഗമായി കാത്തുസൂക്ഷിക്കുകയും ആ പന്ഥാവില്‍ സ്വജീവിതം സമര്‍പ്പിക്കുന്നതിന് കഠിനാധ്വാനം നടത്തുകയും, ഒടുവില്‍ ആ മഹത്തായ പാതയില്‍തന്നെ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയാവുകയും ചെയ്ത യുഗപുരുഷനാണ് മര്‍ഹൂം ചേലക്കുളം ഉസ്താദ്. ആ വിയോഗം തീര്‍ത്ത വിടവ് നികത്താനാവാത്തതാണ്. ഉസ്താദുല്‍ അസാത്തീദിന്റെ ദറജകള്‍ നാഥന്‍ ഉയര്‍ത്തിക്കൊടുക്കട്ടെ.

വിരഹദു:ഖത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും നാഥന്‍ സമ്പൂര്‍ണ ക്ഷമ നല്‍കി അനുഗ്രഹിക്കട്ടെ- അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് മുഫ്തി ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി ചിലവ്, വര്‍ക്കിങ് പ്രസിഡന്റ്, ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി അല്‍ കൗസരി, ജനറല്‍ സെക്രട്ടറി അബ്ദുറഹീം മൗലവി അല്‍ കൗസരി പത്തനാപുരം എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Similar News