ഹരിദ്വാര്‍ ധര്‍മ്മ സന്‍സദിലെ വിദ്വേഷ പ്രചാരകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട്
ഡിസംബര്‍ 17 നും 19നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദ്' സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ ബഹുസ്വര സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്.
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്ന ത്രിദിന പരിപാടിയില്‍ ഹിന്ദുത്വ നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെയും മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനത്തെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം ശക്തമായി അപലപിച്ചു. പ്രസംഗം നടത്തിയ എല്ലാവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ 17 നും 19നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദ്' സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ ബഹുസ്വര സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. മുസ്‌ലിം രഹിത ഇന്ത്യയ്ക്കായി സന്നദ്ധസേവനം നടത്താന്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ഏക ലക്ഷ്യം. ഹിന്ദുത്വ സംഘടനകളുടെ വലിയ സമ്മേളനത്തില്‍, മുസ്ലീങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഒന്നിലധികം പ്രഭാഷകര്‍ തുറന്ന ആഹ്വാനങ്ങള്‍ നടത്തി.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും പുലര്‍ത്തുന്ന മൗനം അവരുടെ കൂട്ടുകെട്ടിന്റെ തെളിവാണ്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുറ്റാരോപിതനായ അശ്വിന്‍ ഉപാധ്യായ എന്ന വിദ്വേഷപ്രചാരകന്‍ പരിപാടിയില്‍ പങ്കെടുത്തത് സംഘാടകര്‍ക്ക് അധികാരികളുടെ മൗനാനുവാദമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആശങ്കാകുലമാണ്, കാരണം അത്തരം സംഭവങ്ങളാണ് അവര്‍ക്കെതിരെ, പ്രത്യേകിച്ച് സമുദായത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് തിരികൊളുത്തുന്നത്. സംഭവത്തെ അപലപിക്കാന്‍ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണം.
ഹിന്ദുത്വവാദികള്‍ ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ക്ക് ചീത്തപ്പേരുണ്ടാക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, ഈ വംശഹത്യ ശക്തികള്‍ക്കെതിരെ സമൂഹത്തില്‍ നിന്ന് ശക്തമായ ശബ്ദം നാം കാണുന്നില്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള മറ്റ് വിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുന്നതില്‍ വെറുപ്പുള്ള ഈ ആളുകളോടും ഗ്രൂപ്പുകളോടും യഥാര്‍ത്ഥ ഹിന്ദു വിശ്വാസികളും ആത്മീയ നേതാക്കളും എഴുന്നേറ്റ് നിന്ന് അരുതെന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിദ്വേഷ പ്രചാരകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിനു പിന്നിലെ മൊത്തത്തിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

