ബിജെപി നേതാവിന്റെ പരാതി; മുനവ്വര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഷോയില്‍നിന്ന് ഒഴിവാക്കി
ഛണ്ഡിഗഢ്: സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ ഗുരുഗ്രാമില്‍ നടക്കാനിരിക്കുന്ന മൂന്ന് ദിവസത്തെ കോമഡി ഷോയില്‍നിന്ന് ഒഴിവാക്കി. ഹരിയാന ബിജെപിയുടെ ഐടി വകുപ്പ് മേധാവി അരുണ്‍ യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനവ്വര്‍ ഫാറൂഖിക്ക് ഷോയില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയത്. മുനവ്വര്‍ ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് അരുണ്‍ യാദവിന്റെ പരാതിയില്‍ ആരോപിക്കുന്നത്. 'മുനവ്വറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്റെ ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. ഇത് സാമുദായിക അസ്വാരസ്യം ഉണര്‍ത്താന്‍ മനപ്പൂര്‍വം ചെയ്തതാണ്.
'തല്‍സമയ ഷോകള്‍ പോലുള്ള തുറന്ന പ്ലാറ്റ്‌ഫോമുകളില്‍ തുടര്‍ച്ചയായി അദ്ദേഹം അങ്ങനെ ചെയ്യുന്നുണ്ട്'- അരുണ്‍ യാദവ് പരാതിയില്‍ പറയുന്നു. മുനവ്വറിന്റെ സ്റ്റാന്‍ഡ് അപ്പ് വീഡിയോ ക്ലിപ്പുകള്‍ ഉദ്ധരിച്ച് യാദവ് നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഡിസംബര്‍ 17 മുതല്‍ 19 വരെ ഗുരുഗ്രാമിലെ ഏരിയാ മാളിലാണ് ഗുഡ്ഗാവ് കോമഡി ഫെസ്റ്റിവല്‍ നടക്കുക. പരിപാടിയിലേക്ക് മുനവ്വറിന് ക്ഷണം ലഭിച്ചിരുന്നു. പോസ്റ്ററുകളില്‍നിന്ന് മുനാവറിന്റെ പേര് സംഘാടകരായ ദി എന്റര്‍ടെയിന്‍മെന്റ് ഫാക്ടറി നീക്കം ചെയ്തു.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ റദ്ദാക്കപ്പെടുന്ന ഫാറൂഖി ഉള്‍പ്പെടുന്ന രണ്ടാമത്തെ പരിപാടിയാണിത്. നവംബര്‍ 28ന് മുനവ്വറിന്റെ ബംഗളൂരുവിലെ പരിപാടി ഭീഷണിയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഹിന്ദു ജാഗരണ്‍ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിപാടി റദ്ദാക്കാന്‍ ബംഗളൂരു പോലിസ് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ താന്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവസാനിപ്പിക്കുകയാണെന്ന സൂചനയും മുനവ്വര്‍ നല്‍കി. 'വിദ്വേഷം, വിജയിച്ചു, കലാകാരന്‍ തോറ്റു. എനിക്ക് മതിയായി. വിട.
അനീതിയാണിത്. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു- എന്നാണ് മുനവ്വര്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ ഹാസ്യപരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ജനുവരി ഒന്നിന് ഇന്‍ഡോര്‍ പോലിസ് മുനവ്വര്‍ ഫാറൂഖിയെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

