ആന്ധ്രയില്‍ കനത്ത മഴ; വെള്ളത്തില്‍ മുങ്ങി തിരുപ്പതി ക്ഷേത്ര പരിസരം, തീര്‍ത്ഥാടകര്‍ കുടുങ്ങി

Update: 2021-11-18 19:32 GMT

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചിറ്റൂര്‍ ജില്ലയുടെ പല ഭാഗങ്ങളും കനത്ത മഴയില്‍ ദുരിതം നേരിടുകയാണ്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുമല കുന്നുകളിലെ പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് മാട തെരുവുകളും വൈകുണ്ഠം ക്യൂ കോംപ്ലക്‌സും (നിലവറ) വെള്ളത്തിനടിയിലായി.


 വെള്ളപ്പൊക്കം കാരണം തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ക്ഷേത്രദര്‍ശനം സ്തംഭിച്ചു. ആന്ധ്രയിലെ വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും വിഗ്രഹം വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ പുണ്യമലകളില്‍ കുടുങ്ങിപ്പോയ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവുമൊരുക്കിയിട്ടുണ്ട്. അലിപ്പിരിയില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള കാല്‍നട പടിക്കെട്ടും അടച്ചതായി അവര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഓഫിസ് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ടിടിഡി എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എസ് ജവഹര്‍ റെഡ്ഡി അവധി പ്രഖ്യാപിച്ചു.


 വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേക്കുള്ള രണ്ട് ഘട്ട് റോഡുകള്‍ അടച്ചിട്ടുണ്ടെന്ന് പിടിഐയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുപ്പതിയില്‍ ഇറക്കേണ്ട പല വിമാനങ്ങളും വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഹൈദരാബാദില്‍നിന്നും ബംഗളൂരുവില്‍നിന്നും തിരുപ്പതിയില്‍ ഇറങ്ങേണ്ട രണ്ട് യാത്രാവിമാനങ്ങളോട് തിരികെ പോവാന്‍ ആവശ്യപ്പെട്ടതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സുരേഷ് പറഞ്ഞു. നിലവിലെ കാലാവസ്ഥയെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി.


 മണ്ണിടിച്ചിലില്‍ നാരായണഗിരി ഗസ്റ്റ് ഹൗസ് സമുച്ചയത്തിലെ മൂന്ന് മുറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും മുറികളില്‍ ആളില്ലാത്തതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നാരായണഗിരിയിലെ മറ്റ് മുറികളിലും സമീപത്തെ എസ്‌വി ഗസ്റ്റ് ഹൗസിലും താമസിച്ചിരുന്ന തീര്‍ഥാടകരെ മറ്റ് താമസസ്ഥലങ്ങളിലേക്ക് മാറ്റി. തിരുപ്പതിക്ക് സമീപം ശ്രീനിവാസമംഗപുരത്ത് സ്വര്‍ണമുഖി തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് രണ്ട് ഓട്ടോകള്‍ ഒലിച്ചുപോയി.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, തിരപ്പത്തൂര്‍, വെല്ലൂര്‍ ജില്ലകളിലാണ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ച പുലര്‍ച്ചെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രാ തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.