എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എറണാകുളം ജില്ലാ ചാപ്റ്റര്‍ നിലവില്‍ വന്നു

Update: 2021-09-12 06:25 GMT

ആലുവ: എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ എറണാകുളം ജില്ലാ ചാപ്റ്റര്‍ നിലവില്‍ വന്നു. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കിയുള്ള 'ഇന്ത്യ-2047' കര്‍മ പദ്ധതിയുടെ ഭാഗമായാണ് പ്രാദേശിക ചാപ്റ്ററുകള്‍ രൂപീകരിക്കുന്നത്. രാജ്യത്തെ ആദ്യ ചാപ്റ്റര്‍ രൂപീകരണമാണ് എറണാകുളത്ത് നടന്നത്. ആലുവ വൈഎംസിഎ ഹാളില്‍ നടന്ന പരിപാടിയില്‍ 19 അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്ന 'ഇന്ത്യ 2047' പദ്ധതി താഴെതട്ടില്‍ നടപ്പാക്കുന്നതിനും ജനകീയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് പ്രാദേശിക ഘടങ്ങള്‍ രൂപീകരിക്കുന്നത്. പ്രാദേശികമായി നടപ്പാക്കേണ്ട പദ്ധതികള്‍ കണ്ടെത്തുകയും കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഘടകങ്ങള്‍ മുന്‍ഗണന നല്‍കും.

എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹിമാന്‍, റിസര്‍ച്ച് & പബ്ലിക്കേഷന്‍സ് മേധാവി മുഹമ്മദ് ആസിഫ് ബെന്‍ മമ്മുട്ടി, പബ്ലിക് റിലേഷന്‍സ് തലവന്‍ ഫായിസ് മുഹമ്മദ്, സിഇഒ മുഹമ്മദ് ഷഫീഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എറണാകുളം ജില്ലയുടെ മുസ് ലിം സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റയും ജില്ലയില്‍ മുന്‍ഗണന കൊടുക്കേണ്ട അഞ്ച് മേഖലകളെ കുറിച്ചും പവര്‍പോയിന്റെ അവതരണത്തിലൂടെ വിശദീകരിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രഫ. അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു. ചാപ്റ്റര്‍ ഭാരവാഹികളായി ഡോ. അലി അക്ബര്‍ (പ്രസിഡന്റ്), കെ എസ് സഫീര്‍(ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Tags: