'സുരേന്ദ്രന്‍ മുസ്‌ലിം ലീഗ് നേതാക്കളുടെ സ്ഥിരം സന്ദര്‍ശകന്‍; കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥനെ നിയമിക്കുന്നതില്‍ പങ്ക്'; ആരോപണവുമായി യൂത്ത് ലീഗ് നേതാവ്
കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണങ്ങളുമായി കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ്.
കെ സുരേന്ദ്രന്‍ കൊടുവള്ളിയിലെ പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളുടെ സ്ഥിരം സന്ദര്‍ശകനാണെന്നും ഫൈസല്‍ കാരാട്ടിനെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്താന്‍ ഒരു സംഘം സുരേന്ദ്രനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കോഴിശേരി മജീദ് ആരോപിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ വരെ സുരേന്ദ്രന്‍ ഇടപെടുന്നതായും മജീദ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
സിപിഎം താമരശേരി ഏരിയാ കമ്മിറ്റി അംഗമായ കെ ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ പദ്ധതിയിട്ടിരുന്നെന്നും മജീദ് വെളിപ്പെടുത്തി. 2013 ജൂലൈ 24ന് കൊടുവള്ളി മുനിസിപ്പല്‍ ഓഫീസില്‍ വച്ചാണ് ഗൂഡാലോചന നടന്നത്. ക്വട്ടേഷന്‍ സംഘത്തലവന്‍ കൊയിലാണ്ടി സ്വദേശി നബീല്‍ എന്ന വ്യക്തിക്ക് ഇപ്പോഴത്തെ ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.കെ.എ ഖാദും, അന്നത്തെ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുടെ ഓഫിസ് സഹായിയായ എം.നസീഫും ചേര്‍ന്ന് 50,000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും മജീദ് ആരോപിച്ചു. 2013ല്‍ കൊടുവള്ളിയില്‍ അബൂബക്കര്‍ സിദ്ധീഖ് എന്നയാള്‍ മരണപ്പെട്ടിരുന്നു. അതിന് പ്രതികാരമായി കെ ബാബുവിനെ കൊല്ലാനാണ് ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തിയത്. അഞ്ചു ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷന്‍. പിന്നീട് തീരുമാനം മാറ്റുകയായിരുന്നെന്നും മജീദ് പറഞ്ഞു.
