പ്രവാചകന്റെ സാങ്കല്‍പ്പിക ചിത്രം: പ്രതിഷേധം ശക്തമായപ്പോള്‍ വിവാദപാഠപുസ്തകങ്ങള്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞ് യുപിയിലെ പ്രസാധകര്‍

Update: 2021-04-05 17:41 GMT

ലഖ്‌നോ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ സാങ്കല്‍പ്പിക ചിത്രം അച്ചടിച്ചുവന്ന സംഭവം വിവാദമായതിനെത്തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ പിന്‍വലിച്ച്് ഉത്തര്‍പ്രദേശിലെ പ്രമുഖ പാഠപുസ്തക പ്രസാധകര്‍ നിരുപാധികം ക്ഷമാപണം നടത്തി. ഉത്തര്‍പ്രദേശിലെ ദയൂബന്ദിലാണ് സ്‌കൂള്‍ പാഠപുസ്തകങ്ങളിലും ഗൈഡുകളിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം അച്ചടിച്ചുവന്നത്. ഇസ്‌ലാമിക് മതപഠനകേന്ദ്രമായ ദയൂബന്ദിലെ ദാറുല്‍ ഉലൂം എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിവിധ കോണുകളില്‍നിന്ന് വലിയതോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തതിനെത്തുടര്‍ന്ന് ചിത്രം അച്ചടിച്ചുവന്ന പുസ്തകത്തിന്റെ എല്ലാ പകര്‍പ്പുകളും തിരിച്ചുവിളിക്കുമെന്ന് പ്രസാധകര്‍ അറിയിക്കുകയായിരുന്നു.

ഇസ്‌ലാം മതാചാരപ്രകാരം നബിയുടെ രൂപം ചിത്രീകരിക്കുന്നത് നിഷിദ്ധമാണ്. അശ്രദ്ധമൂലമുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും നബിയുടെ ചിത്രം അച്ചടിച്ചുവന്ന പുസ്തകങ്ങള്‍ തിരിച്ചുവിളിച്ചതായും പ്രസാധകര്‍ സഹാറന്‍പൂര്‍ എംപി ഫസ്‌ലൂര്‍ റഹ്മാന് അയച്ച കത്തില്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് പ്രസാധക കമ്പനിയ്‌ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഹാറന്‍പൂര്‍ എംപിയും ദയൂബന്ദിലെ നിരവധി മതപുരോഹിതന്‍മാരും നേരത്തെ ഭരണകൂടത്തെ സമീപിച്ചിരുന്നു. ദാറുല്‍ ഉലൂമും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു.

കൂടാതെ രാഷ്ട്രപതിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രസാധകര്‍ പുസ്തകം തിരിച്ചുവിളിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയത്. പുസ്തകങ്ങളും ഗൈഡുകളും അവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ വിപണിയില്‍നിന്ന് നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തതായി പ്രസാധകര്‍ അറിയിച്ചു. മുഹമ്മദ് നബിയുടെ ചിത്രമില്ല, സാങ്കല്‍പ്പിക ചിത്രം പ്രസിദ്ധീകരിക്കുന്നത് അപലപനീയമാണ്. ഞങ്ങള്‍ അതിനെ ശക്തമായി അപലപിക്കുന്നു.

ഭരണകൂടവും സര്‍ക്കാരും പ്രസിദ്ധീകരണശാലയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം- ദാറുല്‍ ഉലൂം വൈസ് ചാന്‍സിലര്‍ മൗലാന അബുല്‍ കാസിം നൊമാനി പറഞ്ഞു. പ്രസാധകരില്‍നിന്ന് ക്ഷമാപണം ലഭിച്ചതായി അദ്ദേഹം പിന്നീട് സ്ഥിരീകരിച്ചു. എല്ലാ പുസ്തകങ്ങളും വിപണിയില്‍നിന്ന് നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് അവര്‍ ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. വിവാദം ഇപ്പോള്‍ അവസാനിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.