ദുരഭിമാനക്കൊല: വര്‍ഗീയവല്‍ക്കരണത്തിന്റെ അനന്തരഫലം- തുളസീധരന്‍ പള്ളിക്കല്‍

Update: 2020-12-27 13:55 GMT

തിരുവനന്തപുരം: പാലക്കാട് ദുരഭിമാനക്കൊല വല്‍ഗീയവല്‍ക്കരണത്തിന്റെ അനന്തര ഫലമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. നവോത്ഥാന വായ്ത്താരിയിലൂടെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യമാണ് വെളിവാകുന്നത്. ജാതിയില്ലാ വിളംബരം നടത്തുന്ന ഇടത് പക്ഷവും കേരളീയ സമൂഹത്തെ അതിവേഗം ഫാഷിസ്റ്റ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ഈ യാഥാര്‍ത്ഥ്യത്തെയാണ് മറയ്ക്കാന്‍ ശ്രമിക്കുന്നത്. കെവിന്റെയും ആതിരയുടെയും ദുരഭിമാനകൊലകള്‍ കേരളീയ സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നത് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുണ്ട്.

വിവാഹശേഷം വധുവിന്റെ ബന്ധുക്കളുടെ ഭീഷണിയുണ്ടെന്ന പരാതിയില്‍ പോലീസ് നിസ്സംഗത പാലിച്ചെന്ന പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം വേണം. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. സ്വന്തം മകള്‍ വിധവയായാലും അവര്‍ണനോടൊപ്പം ജീവിക്കരുതെന്ന മനുവാദ മനസ്ഥിതി സംസ്ഥാനത്തിന് ഭീഷണിയാണ്. ജാതി മതിലും വംശവെറിയും സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ കടന്ന് മലയാളക്കരയെയും പിടിച്ചുകുലുക്കയാണ്. സംഘപരിവാര വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരം കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രചോദനമാകുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കണം. ജാതീയതയും രൂഢമൂലമാകുന്നതിനെ പ്രതിരോധിക്കാന്‍ പരിഷ്‌കൃത സമൂഹം മുമ്പോട്ട് വരണമെന്നും തുളസീധരന്‍ അഭ്യര്‍ത്ഥിച്ചു.