കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്കു പരിക്ക്

Update: 2019-10-04 13:34 GMT

കോട്ടയം: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്കു ഗുരുതരമായി പരിക്കേറ്റു. പാല സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെയാണ് അപകടം. ജാവ്‌ലിന്‍ ത്രോ, ഹാമര്‍ ത്രോ മല്‍സരങ്ങള്‍ ഒരേ ഗ്രൗണ്ടിലാണ് നടന്നിരുന്നത്. ജാവ്‌ലിന്‍ ത്രോ മല്‍സരങ്ങളുടെ ഒഫീഷ്യലായി എത്തിയതായിരുന്നു അഫീല്‍. ജാവ്‌ലിന്‍ ത്രോ മല്‍സരത്തില്‍ കായികതാരം എറിഞ്ഞ ജാവ്‌ലിന്റെ നീളം അളയ്ക്കുന്നതിനിടെ ഗ്രൗണ്ടിലിറങ്ങിയ അഫീലിന്റെ ശരീരത്തില്‍ മറ്റൊരു താരം എറിഞ്ഞ ഹാമര്‍ വീഴുകയായിരുന്നു.

    അതേസമയം, പരിക്കേറ്റ വിദ്യാര്‍ഥിക്ക് എല്ലാ ചികില്‍സാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നു മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. ഏറ്റവും മികച്ച ചികില്‍സ തന്നെ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. കായികമേളകള്‍ക്കിടയില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. അപകട കാരണം അന്വേഷിച്ച് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.