തിരൂര്‍ ജില്ല പ്രഖ്യാപിക്കുക: എസ് ഡി പി ഐ ലോങ് മാര്‍ച്ച് വെളിയംങ്കോട് നിന്ന് തുടക്കം കുറിച്ചു

Update: 2019-01-28 17:26 GMT

പൊന്നാനി: അധിനിവേശ പോരാട്ടങ്ങള്‍ക്ക് തന്റെ പാണ്ഡിത്യം കൊണ്ട് വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഉമര്‍ ഖാളിയുടേയും പറങ്കിപ്പടയുടെ ചതിക്ക് മുന്നില്‍ വീര ചരിത്രം രചിച്ച ശഹീദ് കുഞ്ഞി മരക്കാരുടെയും പാദസ്മരണകള്‍ നെഞ്ചിലേറ്റുന്ന വെളിയംങ്കോട് നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് മറ്റൊരു ചരിത്രത്തിന് തുടക്കം കുറിച്ചു. സമ്പൂര്‍ണ്ണ വികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ആരംഭിച്ച പടിഞ്ഞാറന്‍ മേഖല ലോങ് മാര്‍ച്ച് അഡ്വ. കെ സി നസീറാണ് നയിക്കുന്നത്. വെളിയംങ്കോട് നിന്ന് വൈകീട്ട് 3.30ന് തുടക്കം കുറിച്ച മാര്‍ച്ച് വെള്ളപ്പരിശകളെ നേരിട്ട പോരാളികള്‍ക്ക് ആവേശം പകര്‍ന്ന് തന്റെ എഴുത്തുകളിലൂടെയും കവിതകളിലൂടെയും വിപ്ലവം രചിച്ച മഗ്ദൂമുമാര്‍ക്ക് ജന്മം നല്‍കിയ പൊന്നാനിയിലൂടെ കടന്ന് ചമ്രവട്ടം ജങ്ഷനില്‍ സമാപിച്ചു. ശുഭ്രവസ്ത്രധാരികകളായ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി തിങ്ങി നിറഞ്ഞിരുന്നു. തുടര്‍ന്ന് വൈകീട്ട് ഏഴിന് ചമ്രവട്ടം ജങ്ഷനില്‍ നടന്ന പൊതുയോഗം എസ് ഡി പി.ഐ ജില്ല പ്രസി. സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ സി നസീര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ല വിഭജിക്കാതിരിക്കുന്ന ഭരണാധികാരികളുടെ നയം മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലെയാണെന്നതിന്റെ സൂചന കൂടിയാണിത്. ജില്ലയിലെ ജനങ്ങള്‍ ഈ സമരം ഏറ്റെടുത്തിരിക്കുകയാണന്നും മലപ്പുറം ജില്ലാ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ ജില്ല ജനറല്‍ സിക്രട്ടറി എ കെ അബ്ദുല്‍ മജീദ് ട്രഷര്‍ സൈതലവി ഹാജി, ജില്ല സെക്രട്ടറിമാരായ മുസ്ഥഫ മാസ്റ്റര്‍, ബീരാന്‍ കുട്ടി സംസാരിച്ചു. മണ്ഡലം നേതാക്കളായ നൗഷാദ് തിരുനാവായ, ഹമീദ് പരപ്പനങ്ങാടി, മുസ്തഫ വള്ളികുന്ന്, അഷ്‌റഫ് പുത്തനത്താണി, സദഖത്തുള്ള, ശരീ ഖാന്‍ വേങ്ങര, നുറുല്‍ ഹഖ് നേതൃത്വം നല്‍കി. നാളെ (ചൊവ്വ) 3.30ന് തിരൂര്‍ ആലുങ്ങലില്‍ നിന്ന് തുടങ്ങി തിരൂര്‍ ബസ് സ്റ്റാന്റില്‍ സമാപിക്കും. പൂവ്വത്തി അധ്യക്ഷത വഹിച്ചു.




 




 

Similar News