ഉപഹാര്‍ ദുരന്തം: അന്‍സല്‍ സഹോദരന്‍മാരുടെ ശിക്ഷ വര്‍ധിപ്പിക്കില്ല; ഇരകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി

തീയേറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരന്മാരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ സംഘടന സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Update: 2020-02-20 09:34 GMT

ന്യൂഡല്‍ഹി: 1979ല്‍ 59 പേരുടെ മരണത്തിനിടയാക്കിയ ഉപഹാര്‍ തീയേറ്റര്‍ അഗ്‌നിബാധയില്‍ തീയേറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരന്മാരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ സംഘടന സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

അന്‍സല്‍ സഹോദരന്മാരായ സുശീല്‍, ഗോപാല്‍ എന്നിവര്‍ക്ക് 2015ല്‍ സുപ്രിം കോടതി 30 കോടി വീതം പിഴ ചുമത്തി കേസ് തീര്‍പ്പാക്കിയിരുന്നു. സുശീലിന് 75 വയസ്സും ഗോപാലിന് 67 വയസ്സുമായിരുന്നു പ്രായം. ദുരന്തത്തിനു പിന്നാലെ അറസ്റ്റിലായ ഇവര്‍ 1997ല്‍ അഞ്ചുമാസത്തോളം റിമാന്‍ഡില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. വിചാരണ കോടതി ഇരുവര്‍ക്കും രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി അത് ഒരു വര്‍ഷമായി കുറച്ചിരുന്നു. 2011ല്‍ കേസ് പരിഗണിച്ച സുപ്രീം കോടതി ഇരകളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് 10 ലക്ഷം വീതവും 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 7.5 ലക്ഷം വീതവും നഷ്ടപരിഹാരം നല്‍കാനും ഈ തുകയുടെ 85% അന്‍സാല്‍ സഹോദരന്മാരില്‍ നിന്ന് ഈടാക്കാനും ഉത്തരവിട്ടിരുന്നു.

59 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് ലഭിച്ചിരിക്കുന്നതില്‍ കൂടുതല്‍ കാലം ജയില്‍ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങളുടെ ഒരു കൂട്ടായ്മ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. ഉപഹാര്‍ തിയേറ്ററില്‍ ഉണ്ടായ തീപിടുത്തം ഉപഹാര്‍ ട്രാജഡി (ദുരന്തം) എന്നാണ് പിന്നീട് അറിയപ്പെട്ടിരുന്നത്. അസോസിയേഷന്‍ ഓഫ് വിക്ടിംസ് ഓഫ് ഉപഹാര്‍ ട്രാജഡി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിക്കു യാതൊരു യോഗ്യതയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് പറഞ്ഞു.'ഞങ്ങള്‍ പുനഃപരിശോധന ഹര്‍ജികളിലൂടെയും ബന്ധപ്പെട്ട രേഖകളിലൂടെയും കടന്നുപോയി. ഞങ്ങളുടെ അഭിപ്രായത്തില്‍ ഒരു കേസും ഇതില്‍ നിന്നും ഉരുത്തിരിയുന്നില്ല. അതിനാല്‍ പുനഃപരിശോധന ഹര്‍ജി തള്ളിക്കളയുന്നു,' ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. 1997 ജൂണ്‍ 13 ന് 'ബോര്‍ഡര്‍' എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ തിയേറ്ററില്‍ തീപിടിക്കുകയായിരുന്നു. തിരക്കില്‍പെട്ട് നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags: