പറന്നുയരുന്നതിനിടെ ചൈനീസ് വിമാനത്തിന് തീപ്പിടിച്ചു (വീഡിയോ)

Update: 2022-05-12 05:46 GMT

ബെയ്ജിങ്: വിമാനത്താവളത്തില്‍നിന്നും പറന്നുയരുന്നതിനിടെ വിമാനത്തിന് തീപ്പിടിച്ചു. ചൈനയിലെ ചോങ്കിങ് വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് തീപ്പിടിച്ചത്. സംഭവസമയം 113 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോവാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപ്പിടിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി തീ അണച്ചു.

എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. എന്നാല്‍, ഒഴിപ്പിക്കലിനിടെ 36 പേര്‍ക്ക് നിസാര പരിക്കേറ്റതായി ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പറന്നുയരുന്നതിനിടെ അസ്വാഭാവികത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തരമായി വിമാനം താഴെയിറക്കാന്‍ ശ്രമിച്ചതോടെ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും എന്‍ജിന്‍ തകരാറിലേക്കും തീപ്പിടിത്തത്തിലേക്കും നയിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിന്റെ മുന്‍ഭാഗം തീപ്പിടിച്ചതും കറുത്ത പുകയില്‍ അമര്‍ന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 132 യാത്രക്കാരുമായി ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് നടത്തുന്ന ബോയിങ് 737 വിമാനം ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്ത് രണ്ടാഴ്ച മുമ്പ് തകര്‍ന്ന് വീണിരുന്നു.

Tags:    

Similar News