പാക് സൈനിക വിമര്‍ശക കരീമ ബലൂചിനെ ടൊറോന്റോയില്‍ മരിച്ച നിലയില്‍

കനേഡിയന്‍ അഭയാര്‍ഥിയായിരുന്ന കരീമയെ 2016ല്‍ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി തിരഞ്ഞെടുത്തിരുന്നു.

Update: 2020-12-22 09:23 GMT

ടൊറന്റോ: പാക് സൈന്യത്തിനും ബലൂചിസ്ഥാനിലെ സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തിയിരുന്ന പ്രമുഖ ആക്റ്റിവിസ്റ്റ് കരീമ ബലൂചിനെ കനേഡിയന്‍ നഗരമായ ടൊറോന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലൂചിസ്ഥാന്‍ പോസ്റ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കനേഡിയന്‍ അഭയാര്‍ഥിയായിരുന്ന കരീമയെ 2016ല്‍ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി തിരഞ്ഞെടുത്തിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്.ടൊറന്റോ പോലിസ് അവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീമയുടെ മൃതദേഹം കണ്ടെത്തിയതായി അവരുടെ കുടുംബം സ്ഥിരീകരിച്ചതായി ബലൂചിസ്ഥാന്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്താനിലെ പ്രമുഖ വ്യക്തിത്വമായ കരീമ ബലൂച് മേഖലയിലെ വനിതാ ആക്ടിവിസത്തിന്റെ തുടക്കക്കാരിയാണെന്നാണ് കരുതുന്നത്.സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുഎന്‍ സെഷനുകളില്‍ ബലൂചിസ്താന്‍ വിഷം അവര്‍ ഉന്നയിച്ചിരുന്നു.

പാക് ഭരണകൂടം ബലൂചിസ്താനിലെ വിഭവങ്ങള്‍ അപഹരിക്കുകയാണെന്നും ബലൂചിസ്താനിലെ ജനങ്ങളെ പുറംതള്ളി വിഭവങ്ങള്‍ കൊള്ളയടിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. കരീമയുടെ പെട്ടെന്നുള്ള മരണം ഗുരുതര ആശങ്ക ഉയര്‍ത്തുന്നതാണെന്നും ബലൂചിസ്താന്‍ പോസ്റ്റ് പറഞ്ഞു. കഴിഞ്ഞ മെയില്‍ ബലൂച് മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ഹുസൈനെ സ്വീഡനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 2മുതല്‍ ഉപ്‌സാല നഗരത്തില്‍ നിന്ന് ഇയാളെ കാണാതാവുകയായിരുന്നു.




Tags: