ഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് വിലക്കണമെന്ന് ഹരജിക്കാരന്‍

Update: 2022-05-27 15:41 GMT

വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്തിയതിന്റെ വീഡിയോയുടെയും ഫോട്ടോയുടെയും ഉള്ളടക്കം വെളിപ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹരജിക്കാരന്‍ രംഗത്ത്. ഗ്യാന്‍വാപി കേസിലെ ഹരജിക്കാരിലൊരാളായ വിശ്വ വൈദിക് സനാതന്‍ സംഘ് (വിവിഎസ്എസ്) തലവന്‍ ജിതേന്ദ്ര സിങ് വിഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് കത്തെഴുതിയത്. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദത്തിനും വേണ്ടി ഗ്യാന്‍വാപി കമ്മീഷന്റെ ഫോട്ടോഗ്രാഫിയും വീഡിയോ ഉള്ളടക്കവും പുറത്തുവിടരുതെന്നാണ് കത്തിലെ ആവശ്യം.

വാരാണസിയിലെ സീനിയര്‍ ഡിവിഷനിലെ സിവില്‍ ജഡ്ജ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഗ്യാന്‍വാപി പരിസരത്തെ വീഡിയോ സര്‍വേ നടത്തിയത്. പ്രസ്തുത ഫോട്ടോഗ്രാഫിയും വീഡിയോ ഉള്ളടക്കവും അഡ്വക്കേറ്റ് കമ്മീഷണര്‍ റിപോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഫോട്ടോഗ്രാഫിയുടെയും വീഡിയോയുടെയും ഉള്ളടക്കം കോടതി വിധി നിലനില്‍ക്കുന്ന കേസിന്റെ രേഖയുടെ ഭാഗമാണ്. വിഷയം പ്രത്യക്ഷത്തില്‍ ഗൗരവമുള്ളതും ഇന്ത്യയുടെ ദേശീയ സുരക്ഷയും സാമുദായിക സൗഹാര്‍ദവുമായി ബന്ധപ്പെട്ടതുമാണ്. അതുകൊണ്ട് ഗ്യാന്‍വാപി കമ്മീഷന്റെ ഫോട്ടോഗ്രാഫി വീഡിയോ ഉള്ളടക്കം ഏതെങ്കിലും വേദിയില്‍ വെളിപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണ്- അദ്ദേഹം കത്തില്‍ പറഞ്ഞു.

ഗ്യാന്‍വാപി കമ്മീഷനിലെ ഫോട്ടോഗ്രാഫിയിലെയും വീഡിയോയിലെയും ഉള്ളടക്കം പരസ്യപ്പെടുത്താനും വെളിപ്പെടുത്താനും ദേശവിരുദ്ധര്‍ക്ക് കഴിയും. ഈ ഉള്ളടക്കം കോടതി നടപടികളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതാണെന്നും പൊതുവേദിയില്‍ വെളിപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ മേല്‍പ്പറഞ്ഞ വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News