നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: അറസ്റ്റിനിടെ കുഴഞ്ഞു വീണ എസ്‌ഐയെ റിമാന്‍ഡ് ചെയ്തു; ഹൃദയസംബന്ധമായ അസുഖങ്ങളില്ല

ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ കോളജിലെത്തിയാണ് സാബുവിനെ റിമാന്‍ഡ് ചെയ്തത്.

Update: 2019-07-04 08:08 GMT

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ എസ്‌ഐ കെ എ സാബുവിന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം അറിയിച്ചു. ഇയാളുടെ നിലനില തൃപ്തികരമാണ്. ചികില്‍സയിലുള്ള കാര്‍ഡിയോളജി വാര്‍ഡില്‍ നിന്ന് എസ്‌ഐ സാബുവിനെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ എത്തിച്ച് പരിശോധിപ്പിക്കും. ഇതിന് ശേഷം ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്യും.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും എസ്‌ഐ സാബുവിനെ റിമാന്‍ഡ് ചെയ്തിരുന്നില്ല. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ദേവികുളം സബ് ജയിലിലേക്ക് മാറ്റും. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ കോളജിലെത്തിയാണ് സാബുവിനെ റിമാന്‍ഡ് ചെയ്തത്.

കേസില്‍ ഒന്നാം പ്രതിയാണ് എസ്‌ഐ സാബു. കസ്റ്റഡി മര്‍ദ്ദനം തടയുന്നതില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലിസ് ഡ്രൈവറും, മറ്റു പോലിസുകാരും പ്രതിയെ മര്‍ദ്ദിക്കുമ്പോള്‍ എസ്‌ഐ ഇടപെടാതെ നോക്കിനില്‍ക്കുകയും മലുദ്യോഗസ്ഥരെ വിവരമറിയിക്കാതെ അലംഭാവം കാണിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു

Tags:    

Similar News