ദുബയില്‍ സിഗ്നലുകളെ വാഹനങ്ങളുമായി ബന്ധിപ്പിച്ച് പുതിയ സ്മാര്‍ട്ട് ട്രാഫിക് പദ്ധതി
ദുബയ്: റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബയ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ട്ടിഎ) വെഹിക്കിള്‍-ടു-എവരിതിംഗ് (വി2എക്‌സ്) എന്ന നൂതന സ്മാര്‍ട്ട് ട്രാഫിക് സംവിധാനം പ്രഖ്യാപിച്ചു. സ്മാര്‍ട്ട് കണക്റ്റഡ് വെഹിക്കിള്‍സ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് സിഗ്നലുകളെ വാഹനങ്ങളുടെ ഡാഷ്ബോര്‍ഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.
2027നും 2028നും ഇടയില്‍ ദുബയിലെ ഏകദേശം 620 സിഗ്നല്‍ ജംഗ്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലുമാണ് വി2എക്‌സ് സംവിധാനം നടപ്പിലാക്കുക. ട്രാഫിക് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നുള്ള തല്‍സമയ വിവരങ്ങള്‍ വാഹനങ്ങള്‍ക്കുള്ളിലേക്ക് കൈമാറ്റം ചെയ്യാന്‍ ഇത് സഹായിക്കും. ദുബയിലെ ഗതാഗത നിയന്ത്രണത്തെ പരിവര്‍ത്തനം ചെയ്യാനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ സംരംഭത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് ഡ്രൈവര്‍മാരുമായി ആശയവിനിമയം നടത്തും.
പുതിയ വാഹനങ്ങളില്‍ വി2എക്‌സ് കണക്റ്റിവിറ്റി സവിശേഷതകള്‍ ഉള്‍പ്പെടുത്തുന്നതിനായി വാഹന നിര്‍മ്മാതാക്കളുമായി ആര്‍ട്ടിഎ ഏകോപനം ആരംഭിച്ചിട്ടുണ്ട്. പഴയ വാഹനങ്ങളുള്ളവര്‍ക്ക് അധിക ഉപകരണങ്ങളോ അല്ലെങ്കില്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്ലിക്കേഷനുകളോ ഉപയോഗിച്ച് ലൈവ് ട്രാഫിക് ഡാറ്റ വാഹനത്തിന്റെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഇത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ ഡ്രൈവര്‍മാരെ സഹായിക്കും.
ആര്‍ട്ടിഎയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടര്‍ എന്‍ജിനീയര്‍ സലാഹുദ്ദീന്‍ അല്‍ മര്‍സൂഖി പറയുന്നതനുസരിച്ച്, വി2എക്‌സ് നെറ്റ്‌വര്‍ക്ക് ദുബയിലെ അടുത്ത തലമുറയുടെ ട്രാഫിക് സിഗ്നല്‍ ഓപ്പറേഷന്‍സിന്റെ പ്രധാന ഘടകമായിരിക്കും. ദുബയ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററുമായി (ഡിഐട്ടിഎസ്സി) സംയോജിപ്പിച്ച ഈ സംവിധാനം, എഐ ഉപയോഗിച്ച് സിഗ്നല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നഗരത്തിലുടനീളമുള്ള ട്രാഫിക് ഒഴുക്ക് ഒപ്റ്റിമൈസും ചെയ്യും. ഡിജിറ്റല്‍ ട്വിന്‍ തത്ത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ആര്‍ട്ടിഎയെ ട്രാഫിക് സാഹചര്യങ്ങള്‍ അനുകരിക്കാനും ജംങ്ഷനുകള്‍ വിശകലനം ചെയ്യാനും യഥാര്‍ഥ ലോകത്ത് നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തന തീരുമാനങ്ങള്‍ പരിശോധിക്കാനും അനുവദിക്കുന്നു.
സിഗ്നലുകളുമായി ബന്ധിപ്പിക്കുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് ഡാഷ്ബോര്‍ഡില്‍ നേരിട്ട് തല്‍സമയ വിവരങ്ങള്‍ ലഭിക്കും. ഇനി അടുത്ത ജംഗ്ഷനിലെ പച്ചലൈറ്റിന്റെ ബാക്കിയുള്ള സമയം, ചുവപ്പ് ലൈറ്റിന്റെ കൗണ്ട്ഡൗണ്‍, ട്രാഫിക് സിഗ്നലിന്റെ നിലവിലെ അവസ്ഥ, ഒപ്റ്റിമല്‍ വേഗത, ഗതാഗതക്കുരുക്ക് മുന്നറിയിപ്പുകള്‍, വഴിതിരിച്ചുവിടലുകള്‍, റോഡ് അടച്ചിടലുകള്‍, അപകട അറിയിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വേഗത കുറയ്ക്കുന്നതിനോ മുന്നിലുള്ള തടസ്സങ്ങളെക്കുറിച്ചോ മുന്നറിയിപ്പ് നല്‍കാന്‍ ഭാവിയില്‍ വെഹിക്കിള്‍-ടു-വെഹിക്കിള്‍ (വി2എക്‌സ്) ആശയവിനിമയവും അവതരിപ്പിക്കും.
'മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ശ്രദ്ധ തിരിക്കുന്നത് കുറയ്ക്കുക, അതുവഴി സുരക്ഷ മെച്ചപ്പെടുത്തുകയും അപകടങ്ങള്‍ തടയുകയുമാണ് പ്രധാന ലക്ഷ്യം,' അല്‍ മര്‍സൂഖി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ദുബയില്‍ 620 സിഗ്നല്‍ ജംഗ്ഷനുകളുണ്ട്, ഇവയെല്ലാം പുതിയ കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിക്കും. എഐ ശക്തിപ്പെടുത്തിയ ക്യാമറകളും കമ്പ്യൂട്ടര്‍ വിഷന്‍ അനലിറ്റിക്‌സും ഉപയോഗിച്ച്, നെറ്റ്‌വര്‍ക്ക് വാഹനങ്ങളെയും കാല്‍നടക്കാരെയും സൈക്കിള്‍ യാത്രക്കാരെയും തല്‍സമയം നിരീക്ഷിച്ച് ട്രാഫിക് ഒഴുക്കും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കും.
രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് വാഹന നിര്‍മ്മാതാക്കളുമായുള്ള സംയോജനവും പൈലറ്റ് ഘട്ടവും പൂര്‍ത്തിയാക്കി 2027-2028ഓടെ പൂര്‍ണ്ണമായി സംവിധാനം വിന്യസിക്കും. ഇതോടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റില്‍ ലോകത്തിലെ മുന്‍നിര നഗരങ്ങളുടെ പട്ടികയില്‍ ദുബയ് ഇടം നേടും.

