വാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്‍ഷന്‍ വേണോ? ഇക്കാര്യം ചെയ്താല്‍ മാസം 5,000 അക്കൗണ്ടിലെത്തും

ഗ്രാമങ്ങളിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അറുപത് വയസിന് ശേഷം ആരോഗ്യം ജോലി ചെയ്യാന്‍ അനുവദിക്കാത്ത സമയത്ത് കൈയ്യിലെത്തുന്ന തുക ജീവിത ചെലവുകള്‍ക്ക് സഹായകമാകും

Update: 2022-05-24 14:41 GMT

സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലെങ്കിലും വാര്‍ധക്യകാലം സുരക്ഷിതമാക്കാം. നിരവധിയായ പെന്‍ഷന്‍ സ്‌കീമുകളാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിവച്ചിരിക്കുന്നത്. പെന്‍ഷന്‍ ഇല്ലാത്തവരുടെ വാര്‍ധക്യകാല ജീവിതം ബുദ്ധിമുട്ടില്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറുകള്‍ ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കുന്നത്. ഗ്രാമങ്ങളിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അറുപത് വയസിന് ശേഷം ആരോഗ്യം ജോലി ചെയ്യാന്‍ അനുവദിക്കാത്ത സമയത്ത് കൈയ്യിലെത്തുന്ന തുക ജീവിത ചെലവുകള്‍ക്ക് സഹായകമാകും. ഇത്തരത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) വഴി ചെറിയ അടവില്‍ മികച്ചൊരു തുക പെന്‍ഷനായി ലഭിക്കും.

അടല്‍ പെന്‍ഷന്‍ യോജന

2015 മേയ് 9നാണ് രാജ്യത്ത് അടല്‍ പെന്‍ഷന്‍ യോജന ആരഭിച്ചത്. 2022 മാര്‍ച്ച് വരെ 4.01 കോടി പേരാണ് അടല്‍ പെന്‍ഷന്‍ യോജനനയില്‍ അംഗമായിട്ടുള്ളത്. 99 ലക്ഷമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അംഗത്വ കണക്ക്. 60 വയസിന് ശേഷം ഉയര്‍ന്ന പെന്‍ഷനായി 5,000 രൂപയാണ് അനുവദിക്കുക. നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായാണ് പെന്‍ഷന്‍ കണക്കാക്കുക. പെന്‍ഷന്‍ ഫണ്ട് റെഗലേറ്ററി ആന്‍ഡ് ഡെലവപ്‌മെന്റ് അതോറിറ്റിയാണ് എപിവൈ കൈകാര്യം ചെയ്യുന്നത്.

ആര്‍ക്കൊക്കെ അംഗമാവാം?

ഇന്ത്യന്‍ പൗരത്വമുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് പദ്ധതിയില്‍ അംഗമാവാം. ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്. ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് ബ്രാഞ്ചുകള്‍ വഴി എപിവൈയില്‍ ചേരാം. ചേരുന്ന ബാങ്കിലോ പോസ്റ്റ് ഓഫിസിലോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ചേരുന്നയാള്‍ 20 വര്‍ഷം ചുരുങ്ങിയത് നിക്ഷേപം നടത്തണം. പദ്ധതിയിലെ ചുരുങ്ങിയ പെന്‍ഷന്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. മിനിമം പെന്‍ഷന് വേണ്ട തുക അടയ്ക്കാന്‍ ചേരുന്നയാള്‍ക്ക് പറ്റിയില്ലെങ്കിലും ബാക്കി വരുന്ന തുക സര്‍ക്കാര്‍ അടയ്ക്കും. ചേരുന്നയാളുടെ മരണ ശേഷം പെന്‍ഷന്‍ ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം ചേര്‍ന്നയാളുടെ 60 വയസ് വരെയുള്ള തുക കണക്കാക്കി അവകാശിക്ക് ലഭിക്കും. അടല്‍ പെന്‍ഷന്‍ യോജനയില്‍ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതി ഉളവുണ്ട്. സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50,000 രൂപ വരെ ഇളവ് അനുവദിക്കും.


അടയ്‌ക്കേണ്ട തുക ഇപ്രകാരമാണ്


മാസ പെന്‍ഷന്‍ 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടല്‍ പെന്‍ഷന്‍ യോജന വഴി അനുവദിക്കുക. ഇത്പ്രകാരം വേണ്ട പെന്‍ഷന്‍ ചേരുന്നയാള്‍ക്ക് തിരഞ്ഞെടുത്ത് പണമടക്കാം. ചേരുന്നയാളുടെ പ്രായം കാലാവധി എന്നിവ അടിസ്ഥാനമാക്കിയാണ് അടക്കേണ്ട തുക തീരുമാനിക്കുന്നത്. മാസ, ത്രൈമാസ, അര്‍ധ വര്‍ഷികാ അടവേളകളില്‍ പണമടക്കാം. 18 വയസില്‍ ചേരുന്നയാള്‍ മാസം 210 രൂപ അടച്ചാല്‍ 60 വയസിന് ശേഷം മാസം 5,000 രൂപ പന്‍ഷന്‍ ലഭിക്കും. 39 വയസില്‍ ചേരുന്നയാള്‍ക്ക് മാസം 1,318 രൂപ അടച്ചാലാണ് 5,000 രൂപ പെന്‍ഷന്‍ ലഭിക്കുക.

പെന്‍ഷന്‍

18 വയസില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ 1000 രൂപ പെന്‍ഷന്‍ മതിയെങ്കില്‍ മാസം 42 രൂപ അടച്ചാല്‍മതി. 2000രൂ മാസ പെന്‍ഷന്‍ ലഭിക്കാന്‍ 84 രൂപയും 3000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 126 രൂപയും 4000 രൂപ ലഭിക്കാന്‍ 168 രൂപയുമാണ് അടക്കേണ്ടത്. പ്രായം കൂടുന്നതിന് അനുസരിച്ച് മാസം അടവ് കൂടും. 30 വയസുകാരന് മാസം 116 രൂപ അടച്ചാല്‍ 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. 5000 രൂപ ലഭിക്കാന്‍ മാസത്തില്‍ 577 രൂപ അടക്കേണ്ടതുണ്ട്. അരുപത് വയസിന് മുന്‍പ് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ അടച്ച തുക തിരികെ ലഭിക്കും. ഇതുവരെ ചേര്‍ന്നവരില്‍ 80 ശതമാനം പേരും ആയിരം രൂപ പെന്‍ഷന്‍ പദ്ധതിയിലാണ് ചേര്‍ന്നത്. 13 ശതമാനം 5000 രൂപയുടെ പെന്‍ഷനും തിരഞ്ഞെടുത്തു. 18നും 25 നും ഇടയില്‍ പ്രായമുള്ള 45 ശതമാനം പേര്‍ ഇതുവരെ അംഗങ്ങളായിട്ടുണ്ടെന്നണ് രേഖകള്‍ വ്യക്തമാക്കുന്നത്.

Similar News