മെസിയുടെ ഇന്ത്യാ സന്ദര്‍ശനം ഡിസംബര്‍ 12 മുതല്‍; ഷെഡ്യൂള്‍ പുറത്ത്; കിക്കോഫ് കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ കിക്കോഫ് കൊല്‍ക്കത്തയില്‍. ഡിസംബര്‍ 12 മുതലാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ സമയക്രമവും പുറത്തു വന്നു. ഇന്ത്യയിലെ 4 നഗരങ്ങളില്‍ ലോകകപ്പ് നേടിയ നായകന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് സന്ദര്‍ശന പരിപാടികളുടെ ഔദ്യോഗിക പേര്. കൊല്‍ക്കത്ത, അഹമ്മദാബാദ്, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളിലാണ് മെസിയുടെ പരിപാടികള്‍. ഡിസംബര്‍ 15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശന പരിപാടികള്‍ അവസാനിക്കുന്നത്.
ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. 2011ലാണ് ഇതിഹാസ താരം ആദ്യം ഇന്ത്യയിലെത്തിയത്. വെനസ്വലയ്ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തിനായാണ് അദ്ദേഹം അന്ന് ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം.
മെസിയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായതായി സംഘാടകര്‍ വ്യക്തമാക്കി. ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയിലൊരു ദിവസം മെസി തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സന്ദര്‍ശനം പ്രഖ്യാപിക്കുമെന്നു പരിപാടിയുടെ പ്രമോട്ടറായ ശതദ്രു ദത്തയാണ് സ്ഥിരീകരിച്ചത്.
മെസി മാത്രമായിരിക്കില്ലെന്നും ഇന്റര്‍ മയാമിയിലെ സഹ താരങ്ങളിയാ റോഡ്രിഗോ ഡി പോള്‍, ലൂയീസ് സുവാരസ്, ജോര്‍ദി ആല്‍ബ, സെര്‍ജിയോ ബുസകെറ്റ്സ് എന്നിവരില്‍ ആരെങ്കിലും കൂടെ ഉണ്ടാകും.
ഡിസംബര്‍ 12 ന് രാത്രി അദ്ദേഹം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. രണ്ട് പകലും രണ്ട് രാത്രിയും മെസി കൊല്‍ക്കത്തയില്‍ ഉണ്ടാകും. 13ന് മെസി അദ്ദേഹത്തിന്റെ തന്നെ കൂറ്റന്‍ പ്രതിമ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്യുന്നതാണ് കൊല്‍ക്കത്തയിലെ പ്രധാന പരിപാടി. ലോകത്തിലെ ഏറ്റവും വലിയ മെസിയുടെ പ്രതിമയാണ് ഇതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പിന്നീട് 'ഗോട്ട് കണ്‍സേര്‍ട്ട്' സംഗീത പരിപാടി, 'ഗോട്ട് കപ്പ്' പോരാട്ടങ്ങളും അരങ്ങേറും. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കു സന്ദേശങ്ങള്‍ എഴുതാന്‍ മെസിയുടെ ഒരു മ്യൂറല്‍ പെയിന്റിങും ഒരുക്കിയിട്ടുണ്ട്. ഗോട്ട് കണ്‍സേര്‍ട്ട് സമയത്ത് ഈ മ്യൂറല്‍ പെയിന്റിങ് അദ്ദേഹം അനാച്ഛാദനം ചെയ്യും.
ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഗോട്ട് കപ്പ് അരങ്ങേറുന്നത്. മെസിയും ഇന്ത്യയിലെ ഇതിഹാസ കായിക താരങ്ങളും ഒന്നിക്കുന്ന സോഫ്റ്റ് ടച് സെവന്‍സ് ഫുട്ബോള്‍ പോരാട്ടമാണ് ഗോട്ട് കപ്പ്. ക്രിക്കറ്റ് ഇതിഹാസം സൗരവറ ഗാംഗുലി, ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്സ്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകനും ഇതിഹാസവുമായ ബൈചുങ് ബൂട്ടിയ, ബോളിവുഡ് താരം ജോണ്‍ എബ്രഹാം എന്നിവരുള്‍പ്പെടുന്നതാണ് മെസിയുടെ ടീം.
ഡിസംബര്‍ 13 ന് വൈകീട്ട് അദാനി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മെസി അഹമ്മദാബാദിലേക്ക് പോകും.
ഡിസംബര്‍ 14ന് മുംബൈ മത്സരത്തില്‍ സിസിഐ ബ്രാബോണിലും ചായ സത്കാരം. തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ ഗോട്ട് കണ്‍സേര്‍ട്ടും ഗോട്ട് കപ്പും നടക്കും. 'മുംബൈ പാഡല്‍ ഗോട്ട് കപ്പ്' പോരാട്ടവും മുബൈയിലുണ്ട്. ഇന്‍ഡോര്‍ സ്പോര്‍ട്സ് ഇനങ്ങളുടെ ആരാധകനാണ് മെസി. പാഡല്‍ പോരാട്ടത്തില്‍ ഷാരൂഖ് ഖാന്‍, ലിയാണ്ടര്‍ പെയ്സ് എന്നിവരും പങ്കെടുത്തേക്കും.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, രോഹിത് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തി 'ഗോട്ട് ക്യാപ്റ്റന്‍സ് മൊമെന്റ്' പരിപാടിയിലും മെസി പങ്കെടുക്കും. രണ്‍വീര്‍ സിങ്, ആമിര്‍ ഖാന്‍, ടൈഗര്‍ ഷെറോഫ് അടക്കമുള്ള ബോളിവുഡ് താരനിരയും പരിപാടിയ്ക്കെത്തും.
ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍, ഫിറോസ് ഷാ കോട്‌ലയിലും ഗോട്ട് കണ്‍സേര്‍ട്ട്, ഗോട്ട് കപ്പ് പോരാട്ടമുണ്ട്. ഈ പരിപാടിക്കു മുന്‍പ് അദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിക്കും. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വിരാട് കോഹ്ലിയെയും ശുഭ്മാന്‍ ഗില്ലിനെയും മെസിക്കൊപ്പം പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്.

