അന്‍വറിനെ ലീഗ് നേതാവ് ക്ഷണിച്ചതില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

Update: 2024-09-22 06:43 GMT

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയുടെ കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അപ്രസക്തമായ ചോദ്യം മാധ്യമങ്ങള്‍ ചോദിച്ചാല്‍, മറുപടി പറഞ്ഞ് അതിന്റെ മാനം മാറ്റാനാണ് ഉദ്ദേശമെങ്കില്‍ അതിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവകരമാണ്. ഇതേപ്പറ്റിയെല്ലാം ഗൗരവത്തോടെയുള്ള അന്വേഷണങ്ങള്‍ ഉണ്ടാകണം.

സ്വര്‍ണക്കടത്ത് സംഘത്തുമായി ബന്ധപ്പെട്ട് പി ശശിക്കു ബന്ധമുണ്ടെന്നുള്ള പി വി അന്‍വറിന്റെ ആരോപണം മുഖ്യമന്ത്രി തള്ളിയതിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. സുപ്രധാന പദവിയിലിരിക്കുന്ന ആളുകളെക്കുറിച്ചുള്ള ആരോപണങ്ങളില്‍, ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ വേണം അന്വേഷണം. അത് ഇടതുമുന്നണിയില്‍ നിന്നും തന്നെ അഭിപ്രായം ഉയര്‍ന്ന കാര്യങ്ങളാണ്. രാഷ്ട്രീയമായും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. അതില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണകക്ഷി എംഎല്‍എ, ഒരു മുന്‍മന്ത്രി അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പൂരം കലക്കി, പോലിസിനെ ഉപയോഗിച്ച് ക്രിമിനല്‍ ആക്ടിവിറ്റി ഒരുപാട് നടത്തി, കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട പോലിസിനെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങളില്‍ സംശുദ്ധമായ അന്വേഷണം നടക്കണം. അന്വേഷണം നടന്നില്ലെങ്കില്‍ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കും. ആ ക്യാംപെയ്ന്‍ ഇടതുമുന്നണിക്ക് വളരെ പ്രശ്നമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.






Tags: