വനിതാ അഭിഭാഷകയെ ബിജെപി പ്രവര്‍ത്തകന്‍ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു, അടിവയറ്റില്‍ ചവിട്ടി (വീഡിയോ)

ഭര്‍ത്താവ് സഹായത്തിനായി കേണപേക്ഷിച്ചിട്ടും കൂടിനിന്ന നാട്ടുകാരിലാരും തിരിഞ്ഞുനോക്കിയില്ല. ഈ സമയം വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താനുള്ള തത്രപ്പാടിലായിരുന്നു നാട്ടുകാര്‍.

Update: 2022-05-15 12:50 GMT

ബംഗളൂരു: പൊതുനിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് നടുറോഡിലിട്ട് മര്‍ദ്ദനത്തിനിരയാക്കിയത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മഹന്തേഷിനെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണം നടന്നതെന്നാണ് റിപോര്‍ട്ടുകള്‍. ബാഗല്‍കോട്ട് ടൗണില്‍ വച്ച് സംഗീതയെ തടഞ്ഞുനിര്‍ത്തിയതിന് ശേഷമായിരുന്നു മര്‍ദ്ദനം. തലയില്‍ അടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. ചവിട്ടേറ്റ് തെറിച്ചുവീണപ്പോഴാണ് തലയ്ക്ക് പരിക്കുപറ്റിയത്.

സംഗീതയെ മഹഷേന്ത് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഭര്‍ത്താവ് സഹായത്തിനായി കേണപേക്ഷിച്ചിട്ടും കൂടിനിന്ന നാട്ടുകാരിലാരും തിരിഞ്ഞുനോക്കിയില്ല. ഈ സമയം വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താനുള്ള തത്രപ്പാടിലായിരുന്നു നാട്ടുകാര്‍. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജെപി ജനറല്‍ സെക്രട്ടറി രാജു നായ്ക്കര്‍ എന്നയാളുടെ സഹായിയാണ് മഹേഷന്ത്. ഇവര്‍ താമസിച്ചിരുന്ന വീട് രാജു നായ്ക്കര്‍ക്ക് സംഗീതയുടെ അമ്മാവന്‍ ചെറിയ തുകയ്ക്ക് വിറ്റിരുന്നു. സംഗീതയും മറ്റ് കുടുംബാംഗങ്ങളും അറിയാതെയായിരുന്നു കച്ചവടം.

വസ്തു കച്ചവടത്തിന് പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടില്‍ നിന്നും ഇറങ്ങിപ്പോവണമെന്ന് രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരേ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. ഇതില്‍ പ്രകോപിതനായാണ് മഹേഷന്ത് സംഗീതയെ ആക്രമിച്ചത്. സംഗീതയുടെ അയല്‍വാസിയാണ് മഹേഷന്ത്. ഇയാള്‍ ബാഗല്‍കോട്ടിലെ നവനഗറിലെ ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വകലാശാലയിലെ ഫോട്ടോഗ്രാഫറാണെന്നാണ് റിപോര്‍ട്ട്.

എന്നാല്‍, സംഭവവുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെയും രാജു നായ്ക്കറുടെയും പ്രതികരണം. തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണിത്. താന്‍ നിയമപരമായാണ് വീട് വാങ്ങിയതെന്നും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും സ്ത്രീയെ ആക്രമിക്കാന്‍ ആരെയും പ്രേരിപ്പിച്ചിട്ടില്ലെന്നും രാജു നായ്ക്കര്‍ വിശദീകരിക്കുന്നു. ആരും പറഞ്ഞിട്ടല്ല സംഗീതയെ മര്‍ദ്ദിച്ചതെന്നാണ് മഹന്തേഷ് പറയുന്നത്.

Tags:    

Similar News