സംസ്ഥാനത്ത് പോലിസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: കെ കെ അബ്ദുല്‍ ജബ്ബാര്‍

ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പരാജയമാണെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ജനമൈത്രി പോലിസ് സ്‌റ്റേഷനുകള്‍ ജനങ്ങളെ മര്‍ദ്ദിക്കാനുള്ള ഇടിമുറികളായി മാറിയിരിക്കുകയാണെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി.

Update: 2022-10-21 12:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കൊല്ലത്തും (കിളികൊല്ലൂര്‍) മലപ്പുറത്തും പാലക്കാടും കോതമംഗലത്തും പള്ളുരുത്തിയിലും ഉള്‍പ്പെടെ അടുത്തിടെ നിരവധി പോലിസ് മര്‍ദ്ദന കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനും സഹോദരനുമാണ് പോലിസ് മര്‍ദ്ദനമേറ്റത്. എംഡിഎംഎ കേസ് പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ തയ്യാറാകാത്തതിനാണ് സഹോദരങ്ങള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗം നടന്നതെന്നാണ് റിപോര്‍ട്ട്.

മലപ്പുറം മഞ്ചേരിയില്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയുമാണ് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. പാലക്കാട് വാളയാറില്‍ രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയസ്വാമി, ആല്‍ബര്‍ട്ട് എന്നീ സഹോദരങ്ങളെ പോലിസ് മര്‍ദ്ദിച്ചത്. കോതമംഗലത്ത് എസ്‌ഐ മാഹീന്‍ സലീം വിദ്യാര്‍ഥിയെയാണ് പോലിസ് സ്‌റ്റേഷനെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. പി എസ് വിഷ്ണു എന്ന യുവാവിന് പള്ളുരുത്തി സ്‌റ്റേഷനിലെ എസ്‌ഐയില്‍ നിന്ന് മര്‍ദ്ദനമേറ്റതും കഴിഞ്ഞ ദിവസമാണ്.

കൂടാതെ പോലിസ് സേനയ്ക്ക് തന്നെ മാനഹാനി ഉണ്ടാക്കുന്ന മാങ്ങാ മോഷണം, സ്വര്‍ണമാല മോഷണം കേസുകളില്‍ പോലിസുകാര്‍ തന്നെ പ്രതികളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നിയമനടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പരാജയമാണെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ജനമൈത്രി പോലിസ് സ്‌റ്റേഷനുകള്‍ ജനങ്ങളെ മര്‍ദ്ദിക്കാനുള്ള ഇടിമുറികളായി മാറിയിരിക്കുകയാണെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി.









Tags:    

Similar News