ഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കോടതി വിധി ഏകപക്ഷീയം: പോപുലര്‍ ഫ്രണ്ട്

Update: 2022-05-16 15:13 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഇസ്‌ലാമിക വിശ്വാസികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാരാണസി കോടതിവിധി ഏകപക്ഷീയമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം അഭിപ്രായപ്പെട്ടു. ഉത്തരവ് നീതിയുടെ താല്‍പ്പര്യത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിലെ കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിന്റെ ശരിയായ പരിശോധന നടത്തും മുമ്പ് സര്‍വേയുടെ അവകാശവാദങ്ങള്‍ കോടതി മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇസ്‌ലാമിക വിശ്വാസികള്‍ക്ക് പ്രവേശനത്തിനും വുദു ചെയ്യുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് വിചിത്രവും ദേശീയ പ്രാധാന്യമുള്ളതും സെന്‍സിറ്റീവുമായ ഒരു വിഷയത്തില്‍ നീതിയുടെ താല്‍പ്പര്യത്തിന് തികച്ചും എതിരുമാണ്.

മസ്ജിദിനെക്കുറിച്ചുള്ള ഹിന്ദുത്വ പാര്‍ട്ടികളുടെ അവകാശവാദങ്ങളോട് കോടതി പക്ഷം ചേരുകയാണ് ചെയ്തിട്ടുള്ളത്. ജുഡീഷ്യറിയുടെ ഇത്തരം നിലപാട് രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുന്നതാണ്. 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിന്റെ ഗുരുതരമായ ലംഘനമായ ഹരജികള്‍ കോടതി പരിഗണിക്കാന്‍ പാടില്ലായിരുന്നു. ഹിന്ദുത്വ ശക്തികളെ കൂടുതല്‍ ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് കേസിന്റെ പുരോഗതി. നീതിയും സാമുദായിക സൗഹാര്‍ദവും ആഗ്രഹിക്കുന്ന രാജ്യത്തെ ഏതൊരു പൗരനും ഇത് ആശങ്കയുളവാക്കുന്നതാണ്. കോടതിവിധി ഉടന്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News