പാശ്ചാത്യ അംബാസഡര്‍മാരെ പുറത്താക്കുമെന്ന ഭീഷണിയില്‍ നിന്ന്‌ ഉര്‍ദുഗാന്‍ പിന്‍മാറി

ആതിഥേയ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നയതന്ത്രജ്ഞര്‍ ഇടപെടരുതെന്ന് ആവശ്യപ്പെടുന്ന യുഎന്‍ കണ്‍വെന്‍ഷനെ തങ്ങള്‍ മാനിക്കുന്നു എന്ന് യുഎസും മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളും പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഉര്‍ദുഗാന്‍ തന്റെ നിലപാടില്‍നിന്നു പിന്നാക്കം പോയത്.

Update: 2021-10-26 10:36 GMT

ആങ്കറ: 2016ലെ പരാജയപ്പെട്ട തുര്‍ക്കി സൈനിക അട്ടിമറിയിലെ പങ്കുമായി ബന്ധപ്പെട്ട് ജയിലിലടച്ച പൗരാവകാശ നേതാവിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ 10 പാശ്ചാത്യ അംബാസഡര്‍മാരെ പുറത്താക്കുമെന്ന ഭീഷണിയില്‍ നിന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്മാറി.

ഉര്‍ദുഗാന്‍ ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമത്തില്‍ പങ്കാളിയായതിനും പ്രതിഷേധങ്ങള്‍ ധനസഹായം നല്‍കിയതിനും നാലു വര്‍ഷമായി ജയിലില്‍കഴിയുന്ന ഉസ്മാന്‍ കവാലയെ (64) മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യുഎസ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കുന്നതിന്റെ ആദ്യ നടപടിയായ പേഴ്‌സണല്‍ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിക്കാന്‍ വാരാന്ത്യത്തില്‍ ഉത്തരവിട്ടതായി ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആതിഥേയ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നയതന്ത്രജ്ഞര്‍ ഇടപെടരുതെന്ന് ആവശ്യപ്പെടുന്ന യുഎന്‍ കണ്‍വെന്‍ഷനെ തങ്ങള്‍ മാനിക്കുന്നു എന്ന് യുഎസും മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളും പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഉര്‍ദുഗാന്‍ തന്റെ നിലപാടില്‍നിന്നു പിന്നാക്കം പോയത്.

'നമ്മുടെ രാജ്യത്തിനെതിരായ അപവാദത്തില്‍ നിന്ന് അവര്‍ പിന്നോട്ട് പോയിരിക്കുന്നുവെന്ന് പുതിയ പ്രസ്താവന കാണിക്കുന്നു, അവര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഖാവാലയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നായിരുന്നു ജര്‍മനിയും യുഎസുമടക്കം 10 യൂറോപ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

Tags:    

Similar News