എഞ്ചിനീയറെ ചളിയില്‍ കുളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും എംഎല്‍എയുമായ നിതേഷ് റാണെയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തോടൊപ്പം രണ്ടുകൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Update: 2019-07-05 04:58 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും എംഎല്‍എയുമായ നിതേഷ് റാണെയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തോടൊപ്പം രണ്ടുകൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മുംബൈ ഗോവ ഹൈവേയില്‍ കങ്കവലി പാലത്തില്‍വെച്ച്് കോണ്‍ഗ്രസ് എംഎല്‍എ എഞ്ചിനീയര്‍ക്കെതിരേ അതിക്രമം കാണിച്ചത്. ബക്കറ്റില്‍ കൊണ്ടുവന്ന ചെളി എന്‍ഞ്ചിനീയറുടെ തലവഴി ഒഴിക്കുകയായിരുന്നു. അതിന് ശേഷം പാലത്തിന്റെ കൈവരിയില്‍ കെട്ടിയിടുകയും ചെയ്തു. ഹൈവേകളുടെ ചുമതലയുള്ള എന്‍ജിനീയര്‍ പ്രകാശ് ഷെഡേക്കറാണ് ആക്രമത്തിനിരയായത്.നിരത്തിലെ കുഴികള്‍ പരിശോധിക്കാനെത്തിയ എംഎല്‍എയും സംഘവും എന്‍ജിനീയറോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന്

യാത്രക്കാര്‍ ചെളിയില്‍ 'കുളിക്കുന്നത്' എങ്ങനെയെന്നു കാണിക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സംഘം ബക്കറ്റുപയോഗിച്ച് ചെളിവെള്ളം എന്‍ജിനീയറുടെ തലയിലും മുഖത്തും ഒഴിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു.സംഭവത്തില്‍ നിതേഷിന്റെ പിതാവ് നാരായണ്‍ റാണെ മാപ്പുപറഞ്ഞിരുന്നു. ബിജെപിയുടെ എംപി കൈലാഷ് വിജയവര്‍ഗീയയുടെ മകന്‍ ആകാശ് മധ്യപ്രദേശിലെ ഇന്ദോറില്‍ നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുവെച്ച് മര്‍ദിച്ചതു വിവാദമായതിനുപിന്നാലെയാണ് ഈ സംഭവം. കൈയേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് നഗരസഭാ ഉദ്യോഗസ്ഥനെ എംപിയുടെ മകന്‍ മര്‍ദിച്ചത്. ഈ സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി യോഗത്തില്‍ അപലപിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Tags: