വ്യോമാക്രമണത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; തെളിവ് നല്‍കണമെന്ന് കോണ്‍ഗ്രസ്

ബാലാകോട്ടിലെ ആക്രമണത്തേക്കുറിച്ച് സര്‍ക്കാരും ബിജെപിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നല്‍കാത്തപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് വ്യോമസേന തന്നെ വ്യക്തമാക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനമഴിച്ചുവിട്ടത്.

Update: 2019-03-04 05:49 GMT

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം. ബാലാകോട്ടിലെ ആക്രമണത്തേക്കുറിച്ച് സര്‍ക്കാരും ബിജെപിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നല്‍കാത്തപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് വ്യോമസേന തന്നെ വ്യക്തമാക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനമഴിച്ചുവിട്ടത്.

ഞായറാഴ്ച അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു 250 ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പ്രസ്താവിച്ചത്. ഇന്ത്യ നല്‍കിയ തിരിച്ചടിയെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബാലാകോട്ടില്‍ സായുധ കേന്ദ്രങ്ങള്‍ ബോംബാക്രമത്തില്‍ തകര്‍ന്നെന്ന് മാത്രമാണ് വ്യോമസേന പറഞ്ഞത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അവര്‍ വ്യക്തമാക്കിയതാണ്.

മരണസംഖ്യയെ കുറിച്ച് നിരവധി പേര്‍ സംശയമുയര്‍ത്തുന്നുണ്ട്. എന്നാല്‍ അമിത് ഷാ ഇപ്പോള്‍ ഒരു കണക്കുമായി എത്തിയിരിക്കുകയാണ്. 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. വ്യോമാക്രമണത്തെ രാഷ്ട്രീയ നേട്ടമായി ഉപയോഗിക്കുകയല്ലേ ഇതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ചോദിച്ചു.

വ്യോമാക്രമണത്തില്‍ 300-350 പേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് ആരാണ് പ്രചരിപ്പിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചത്. ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്നും എന്തുകൊണ്ടാണ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ വ്യോമസേനയോ വ്യക്തത വരുത്താത്തതെന്നും അദ്ദേഹം ചോദിച്ചു. അഭിമാനമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നു.

പക്ഷേ നമുക്ക് ഈ ലോകത്തെ കൂടി വിശ്വസിപ്പിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു. മരണസംഖ്യയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ ഇന്ത്യന്‍ വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ തന്നെ നിഷേധിച്ചതാണ്. അവിടെ തീവ്രവാദികളോ സാധാരണക്കാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്നും വ്യോമസേന പറയുന്നു. അപ്പോള്‍ പിന്നെ ഈ 350ന്റെ കണക്കിന് പിന്നില്‍ ആരാണെന്നും ചിദംബരം ചോദിച്ചു.

Tags: