ഡല്‍ഹിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങി; ഇത്തവണ ബുള്‍ഡോസര്‍ മംഗോല്‍പുരിയില്‍ (വീഡിയോ)

Update: 2022-05-10 07:32 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. മംഗോല്‍പുരിയിലെയും ന്യൂ ഫ്രണ്ട്‌സ് കോളനിയിലെയും ഒഴിപ്പിക്കലാണ് പുരോഗമിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. അനധികൃത നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കുന്നതെന്നാണ് കോര്‍പറേഷന്റെ വാദം. രാജ്യത്ത് നടക്കുന്ന എല്ലാ പൊളിച്ചുനീക്കലിലും ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതിന് പിന്നാലെ പൊളിക്കല്‍ നടപടികള്‍ തുടരാന്‍ സൗത്ത് ഡല്‍ഹി കോര്‍പറേഷന്‍ തീരുമാനിച്ചത്.

കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരുടെ സഹായവും സൗത്ത് ഡല്‍ഹി കോര്‍പറേഷന്‍ തേടിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് സുരക്ഷയ്ക്കായി വന്‍ പോലിസ് സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. മംഗോള്‍പുരി നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലാണെങ്കില്‍, ന്യൂ ഫ്രണ്ട്‌സ് കോളനി സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലാണ്. രണ്ടും ബിജെപിയുടെ ഭരണത്തിന്‍കീഴിലാണ്. അതേസമയം, കഴിഞ്ഞ ദിവസം ശാഹിന്‍ബാഗിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ശ്രമം പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഇതോടെ കോര്‍പറേഷന്‍ നടപടികള്‍ നിര്‍ത്തി മടങ്ങുകയും ചെയ്തിരുന്നു.

ശാഹിന്‍ബാഗിലെ രോഹിന്‍ഗ്യകള്‍, ബംഗ്ലാദേശികള്‍, സാമൂഹിക വിരുദ്ധര്‍ തുടങ്ങിയവര്‍ അനധികൃതമായി കൈയേറിയിട്ടുള്ള സ്ഥലം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത കഴിഞ്ഞ മാസം സൗത്ത് ഡല്‍ഹി മേയര്‍ക്ക് കത്തയച്ചിരുന്നു. ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും സമാനമായ പൊളിക്കല്‍ നടപടികള്‍ നടന്നത്. പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള സുപ്രിംകോടതി ഉത്തരവിനുശേഷവും നടപടികള്‍ തുടര്‍ന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം, ശാഹിന്‍ബാഗിലേത് ഉള്‍പ്പെടെ ജനവാസ മേഖലകളിലെ പൊളിച്ചുനീക്കല്‍ തടയണമെന്നാവശ്യപ്പട്ട് സിപിഎം ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും.

Tags:    

Similar News