ഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം ഗഫൂര്‍

തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിന്റെ മറവില്‍ ഗവര്‍ണര്‍ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങള്‍ക്കെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധേ മാര്‍ച്ച് സംഘടിപ്പിച്ചു. മ്യൂസിയം പോലിസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരങ്ങളെ വിദ്യാര്‍ഥി - യുവജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാവി അജണ്ടകള്‍ കേരള മണ്ണില്‍ നടപ്പാവില്ല. രാജ്ഭവനെയും സര്‍വകലാശാലകളെയും ആര്‍.എസ്.എസ് ശാഖകളാക്കാമെന്നത് ആര്‍ലേക്കറുടെ വ്യാമോഹം മാത്രമാണ്. ആരിഫ് മുഹമ്മദ് ഖാനെ വച്ച് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച അജണ്ടകള്‍ ആര്‍ലേക്കറെ വച്ച് കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നും നഈം ഗഫൂര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപു തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. ഷാഹിന്‍ തന്‍സീര്‍, ലമീഹ് ഷാക്കിര്‍, നഈമ, അദ്‌നാന്‍ എന്നിവര്‍ സംസാരിച്ചു. ആഷിഖ് നിസാര്‍, ആയിഷ സുധീര്‍, ഫാത്തിമ, സല്‍വ എന്നിവര്‍ നേതൃത്വം നല്‍കി.