അഫ്ഗാനില്‍ വിവാഹച്ചടങ്ങിനിടെ സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 63 ആയി

പടിഞ്ഞാറന്‍ കാബൂളിലെ ദുബയ് സിറ്റി ഹാളില്‍ ശിയാ മുസ്‌ലിംകള്‍ സംഘടിപ്പിച്ച വിവാഹച്ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാബൂളില്‍ ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റസത്ത് റഹിമി പറഞ്ഞു.

Update: 2019-08-18 03:39 GMT

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹച്ചടങ്ങുകള്‍ നടന്ന ഹാളിലുണ്ടായ ആള്‍ബോംബ് സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ കാബൂളിലെ ദുബയ് സിറ്റി ഹാളില്‍ ശിയാ മുസ്‌ലിംകള്‍ സംഘടിപ്പിച്ച വിവാഹച്ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാബൂളില്‍ ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റസത്ത് റഹിമി പറഞ്ഞു.


 സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ കൂട്ടംകൂടിനിന്നിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വിവാഹവേദിയിലേക്ക് നുഴഞ്ഞുകയറിയ ആള്‍ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനമുണ്ടായശേഷം 20 മിനിറ്റുനേരം ഹാളില്‍ കനത്ത പുക നിറഞ്ഞ് ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. രണ്ടുമണിക്കൂറിനുശേഷമാണ് മൃതദേഹം ഹാളിന് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്.


 മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ അവസ്ഥയിലാണ്. 1,200 പേരെ വിവാഹ ഹാളിലേക്ക് ക്ഷണിച്ചിരുന്നതായി വരന്റെ ബന്ധു പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 10 ദിവസം മുമ്പ് പടിഞ്ഞാറന്‍ കാബൂളില്‍ താലിബാന്‍ നടത്തിയ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.

Tags: