നാല് ദിവസത്തിനിടെ ഒരു കഷ്ണം ബ്രഡ്; സഹോദരന്‍ രണ്ട് വര്‍ഷമായി പട്ടിണിക്കിട്ട 50കാരിയെ രക്ഷിച്ചു

Update: 2018-09-19 09:20 GMT


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ രണ്ടു വര്‍ഷമായി സഹോദരന്‍ തടവിലിട്ട 50കാരിയെ രക്ഷിച്ചു. സ്വന്തം മലമൂത്രത്തില്‍ കിടക്കുന്ന രീതിയിലായിരുന്നു മധ്യവയസ്‌കയെ കണ്ടെത്തിയത്. നാല് ദിവസത്തിനിടെ ഒരു കഷ്ണം ബ്രഡ് മാത്രമാണ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കിയിരുന്നതെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

സഹോദരന്റെ വീട്ടിലെ തുറന്ന ടെറസിലായിരുന്നു സ്ത്രീയെ പാര്‍പ്പിച്ചിരുന്നത്. ദിവസങ്ങളായി പട്ടിണി കിടന്ന് എല്ലും തോലുമായ സ്ഥിതിയിലായിരുന്നു സ്ത്രീയെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

രണ്ട് വര്‍ഷമായി പീഡനത്തിനിരയായതിനാല്‍ സംസാരിക്കാനോ നടക്കാനോ ആളുകളെ തിരിച്ചറിയാന്‍ പോലുമോ പറ്റാത്ത സ്ഥിതിയിലായിരുന്നു. സംഭവത്തില്‍ സഹോദരനെതിരേ കേസെടുത്തിട്ടുണ്ട്.

സ്ത്രീക്ക് 50 വയസു മാത്രമേ ഉള്ളുവെങ്കിലും പട്ടിണി കാരണം കണ്ടാല്‍ 90 വയസ് തോന്നിക്കും. സ്ത്രീയുടെ മറ്റൊരു സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ അയച്ച സംഘം അയല്‍പക്കത്തെ വീടിന്റെ മേല്‍ക്കൂര വഴിയാണ് ടെറസിലെത്തിയത്.

മുറികളോ ടോയ്‌ലറ്റോ ഇല്ലാത്ത ടെറസിലാണ് സ്ത്രീയെ പാര്‍പ്പിച്ചിരുന്നത്. ടെറസ് നിറയെ അവരുടെ വിസര്‍ജ്യം കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീയുടെ സഹോദരനെതിരേ രോഹിണി സെക്ടര്‍ 7 പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വനിതാ കമ്മീഷന്‍ അറിയിച്ചു.

Similar News