ഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് തുടക്കം

ആതിഥേയരായ ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ്.

Update: 2023-10-05 04:34 GMT

അഹ്‌മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കമാവും. ഇന്ത്യയിലെ 10 വേദികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക. 48 മല്‍സരങ്ങള്‍ ആണ് ആകെയുള്ളത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മല്‍സരം. മല്‍സരിക്കുന്ന 10 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലന്റുമായാണ് ഏറ്റുമുട്ടുന്നത്.ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹ്‌മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മല്‍സരം.2019ലെ ഫൈനലിന് പകവീട്ടാനൊരുങ്ങിയാണ് കിവികള്‍ ഇന്നിറങ്ങുന്നത്.

നിലവിലെ വമ്പന്‍മാരെ വീഴ്ത്തി അട്ടിമറി ശക്തികളാവാന്‍ ഇത്തിരികുഞ്ഞന്‍മാരും തയ്യാറായി കഴിഞ്ഞു. വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരുടെ കലവറയായിരുന്ന വെസ്റ്റ്ഇന്‍ഡീസ് ഇല്ലാത്ത ആദ്യ ലോകകപ്പാണിത്.ഇന്ത്യ, ആസ്‌ത്രേലിയ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, നെതര്‍ലന്റസ്, പാകിസ്താന്‍ എന്നിവരാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

ആതിഥേയരായ ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ്. 1983ലും 2011ലും ലോകകപ്പ് നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ഇന്ത്യയാണ് കിരീട ഫേവററ്റുകള്‍.രോഹിത്ത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുക. അഞ്ച് തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയയാണ് മറ്റൊരു ടീം. റാങ്കിങില്‍ അവര്‍ മൂന്നാം സ്ഥാനത്താണ്. 87, 99, 03, 07, 15 വര്‍ഷങ്ങളിലാണ് ഓസിസ് കിരീടം നേടിയത്. പാറ്റ് കമ്മിന്‍സണാണ് ഓസിസിനെ ഇത്തവണ നയിക്കുന്നത്.

ചരിത്രത്തില്‍ രണ്ട് ലോകകപ്പുകളാണ് അഫ്ഗാനിസ്താന്‍ കളിച്ചത്. 2015ലും 2019ലും. കളിച്ച 15 മല്‍സരങ്ങളില്‍ ഒന്ന് മാത്രമാണ് ടീം ജയിച്ചത്. നിലവിലെ ടീമിന്റെ സ്‌ക്വാഡ് മികച്ചതാണ്. ഹഷമാതുള്ള ഷാഹിദിയാണ് ക്യാപ്റ്റന്‍. ഐസിസി റാങ്കിങില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ്. ലോകകപ്പില്‍ ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 96 ലോകകപ്പ് വിജയികളായ ശ്രീലങ്ക റാങ്കിങില്‍ ഏഴാം സ്ഥാനത്താണ്. ഏഷ്യാ കപ്പ് ഫൈനലിലെത്തിയ ലങ്ക മികച്ച ഫോമിലാണ്. ദസുന്‍ ഷനകയെന്ന ഓള്‍ റൗണ്ടറായ ക്യാപ്റ്റനാണ് ലങ്കയുടെ കരുത്ത്.

ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നിലവിലെ ജേതാക്കളാണ്. ജോസ് ബട്ലറാണ് ക്യാപ്റ്റന്‍. ബംഗ്ലാദേശ് ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്താണ്. ലോകകപ്പില്‍ ഒരു തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതാണ് മികച്ച നേട്ടം. പരിചയ സമ്പന്നായ ഷാഖിബുള്‍ ഹസ്സനാണ് ടീമിന്റെ ക്യാപ്റ്റന്‍. റാങ്കിങില്‍ 14ാം സ്ഥാനത്തുള്ള ടീമാണ് നെതര്‍ലന്റസ്.ലോകകപ്പില്‍ ഇതുവരെ ഗ്രുപ്പ് ഘട്ടം കടന്നിട്ടില്ല. സ്‌കോട്ട് എഡ്വര്‍ട്സാണ് ഓറഞ്ച് പടയുടെ ക്യാപ്റ്റന്‍.

റാങ്കിങില്‍ ആറാം സ്ഥാനത്തുള്ള ന്യൂസിലാന്റ് നിലവിലെ റണ്ണേഴ്സ് അപ്പാണ്. മികച്ച ടീമായിട്ടും ലോകകപ്പ് നേടാന്‍ കഴിയാത്ത കിവികള്‍ അത് മാറ്റാനുള്ള പുറപ്പാടിലാണ് ഇത്തവണ ഇറങ്ങുന്നത്. കാനെ വില്ല്യംസണ്‍ ആണ്‍ ക്യാപ്റ്റന്‍. റാങ്കിങില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന പാകിസ്താന്‍ 92 ലോകകപ്പില്‍ കിരീടം നേടിയിട്ടുണ്ട്. മികച്ച ക്യാപ്റ്റനായി ബാബര്‍ അസമിന്റെ കീഴിലാണ് ടീം ഇറങ്ങുക. നാലാം റാങ്കിലുള്ള ദക്ഷിണാഫ്രിക്ക ഒരു തവണ ലോകകപ്പ് സെമിയിലെത്തിയിട്ടുണ്ട്. ടെംബാ ബാവുമയാണ് ടീമിന്റെ ക്യാപ്റ്റന്‍. നിലവിലെ ലോകകപ്പില്‍ കിരീടത്തിന് പുതിയ അവകാശികള്‍ എത്തുമോ എന്ന് കണ്ടറിയാം.





Tags:    

Similar News