സ്പാനിഷ് ലീഗ്; ലക്ഷ്യം ഒന്ന്; അത്‌ലറ്റിക്കോ, റയല്‍, ബാഴ്‌സ ഇന്നിറങ്ങും

ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മൂവരും ഇറങ്ങുന്നത്.

Update: 2021-05-16 06:09 GMT


ക്യാംപ് നൗ; സ്പെയിനിലെ മൂന്ന് വ്യത്യസ്ത സ്റ്റേഡിയങ്ങളില്‍ കിരീടം എന്ന ഒറ്റ ലക്ഷ്യവുമായി ഇറങ്ങുന്നത് മൂന്ന് വമ്പന്‍മാരാണ്. സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ്(80), രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് (78), മൂന്നാം സ്ഥാനക്കാരായ ബാഴ്സലോണ (76) എന്നിവരാണ് ഇന്നിറങ്ങുന്നത്. ലീഗില്‍ ശേഷിക്കുന്നത് രണ്ട് റൗണ്ട് മല്‍സരങ്ങള്‍ . ഇതിലെ ഒന്നാം റൗണ്ട് മല്‍സരങ്ങളിലാണ് പ്രമുഖര്‍ കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മൂവരും ഇറങ്ങുന്നത്.


അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളി 11ാം സ്ഥാനക്കാരായ ഒസാസുനയാണ്. ചെറിയ അട്ടിമറിവീരന്‍മാരാണ് ഒസാസുന. മുമ്പ് റയലിനെയും ബാഴ്സയെയും വീഴ്ത്തിയവരാണ്. റയലിന്റെ എതിരാളി ഒമ്പതാം സ്ഥാനത്തുള്ള അത്ലറ്റിക്കോ ബില്‍ബാവോയാണ്.ഇത്തവണ കോപ്പാ ഡെല്‍ റേ ഫൈനലില്‍ എത്തിയ ടീമാണ് ബില്‍ബാവോ.ബാഴ്സലോണയുടെ എതിരാളി എട്ടാം സ്ഥാനത്തുള്ള സെല്‍റ്റാ വീഗോയാണ്.


ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ജയിച്ചാല്‍ കിരീട ജേതാക്കളെ കണ്ടുപിടിക്കാന്‍ അവസാന റൗണ്ട് മല്‍സരം പൂര്‍ത്തിയാവണം. ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍ക്കുകയും റയല്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കും. ഇന്ന് റയല്‍ തോല്‍ക്കുകയും അത്‌ലറ്റിക്കോ മാഡ്രിഡ് ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് കിരീടം നേടാം. ഇത്തവണ ബാഴ്സയ്ക്ക് കിരീടം നേടാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്. അത്‌ലറ്റിക്കോയും റയലും തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങള്‍ തോല്‍ക്കുകയും ബാഴ്‌സയുടെ രണ്ട് മല്‍സരങ്ങള്‍ അവര്‍ ജയിക്കുകയും വേണം. ജയം മാത്രം പോര ഭാഗ്യവും ബാഴ്‌സയ്ക്ക് തുണവേണം.


2014-15 സീസണിലാണ് അത്ലറ്റിക്കോ മാഡ്രിഡ് അവസാനമായി ലാ ലിഗ കിരീടം നേടിയത്. ഇത്തവണ തുടക്കം മുതല്‍ മികച്ച ആധിപത്യത്തോടെയാണ് സിമിയോണിയുടെ കുട്ടികള്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. കിരീട നേട്ടത്തിന്റെ യഥാര്‍ത്ഥ അവകാശികളും ഇവര്‍ തന്നെയാണ്. തുടക്കം പിന്നോട്ട് പോയ ബാഴ്സ അടുത്തിടെയാണ് കിരീട പോരിലേക്ക് വന്നത്. റയല്‍ മാഡ്രിഡ് അത്ലറ്റിക്കോയ്ക്ക് താഴെയായി നേരത്തെ സ്ഥാനം പിടിച്ചിരുന്നു.കഴിഞ്ഞ തവണ കിരീടം നേടിയത് റയല്‍ മാഡ്രിഡ് ആയിരുന്നു. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്സയ്ക്ക് കിരീടം നഷ്ടപ്പെട്ടത്.




Tags:    

Similar News