സുല്‍ത്താന്‍ അസ് ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ്: ബെല്‍ജിയത്തോട് പരാജയപ്പെട്ട് ഇന്ത്യ
ഹൈദരാബാദ്: സുല്‍ത്താന്‍ അസ് ലന്‍ ഷാ ഹോക്കി കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനു ദയനീയ തോല്‍വി. ആദ്യ മല്‍സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ മിന്നും വിജയത്തിന് ശേഷം, രണ്ടാം മല്‍സരത്തില്‍ ഇന്ത്യ വീഴുകയായിരുന്നു. അഞ്ച് തവണ ചാംപ്യന്മാരായ ഇന്ത്യ ബെല്‍ജിയത്തോട് 2-3 ന് ആണ് പരാജയപ്പെട്ടത്. റൊമെയ്ന്‍ ഡുവെകോട്ട് ബെല്‍ജിയത്തിനായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍, അഭിഷേകും ശിലാനന്ദ് ലക്രയും ഇന്ത്യയ്ക്കായി വലകുലുക്കി.
മലേഷ്യയിലെ ഇപ്പോയിലാണ് 31-ാമത് സുല്‍ത്താന്‍ അസ് ലന്‍ ഷാ കപ്പ് നടക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമാണ് ബെല്‍ജിയം, എഫ്‌ഐഎച്ച് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. അടുത്തിടെ ഏഷ്യാ കപ്പ് നേടിയിട്ടും ഏഴാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഈ മത്സരം എളുപ്പമുള്ള ഒന്നായിരുന്നില്ല.