ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പിന്മാറി

Update: 2025-10-24 15:04 GMT

കറാച്ചി: ഇന്ത്യയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പിന്മാറിയതായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പിടിഐയോട് സ്ഥിരീകരിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ ചെന്നൈയിലും മധുരയിലും നടക്കുന്ന ടൂര്‍ണമെന്റില്‍ പാകിസ്താന്റെ പകരക്കാരായ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എഫ്‌ഐഎച്ച് അറിയിച്ചു. ഇന്ത്യ, ചിലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് പാകിസ്താന്‍ ഇടം നേടിയത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ ബീഹാറിലെ രാജ്ഗിറില്‍ നടന്ന പുരുഷ ഏഷ്യാ കപ്പിന് ശേഷം പാകിസ്താന്‍ ഇന്ത്യയില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ടൂര്‍ണമെന്റാണിത്.

ഒരു നിഷ്പക്ഷ വേദിയില്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ (പിഎച്ച്എഫ്) സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള സംഘര്‍ഷങ്ങള്‍ കാരണം ദേശീയ ജൂനിയര്‍ ടീം ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് തത്വത്തില്‍ തീരുമാനിച്ചതായും എഫ്ഐഎച്ചിനെ അറിയിച്ചതായും പിഎച്ച്എഫ് സെക്രട്ടറി ജനറല്‍ റാണ മുജാഹിദ് വ്യക്തമാക്കി.