ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരവും ഒളിപിക്‌സ് സ്വര്‍ണ ജേതാവുമായ നീരജ് ചോപ്രയും താരത്തിന്റെ കോച്ചും ഇതിഹാസ ജാവലിന്‍ താരവുമായ യാന്‍ സെലസ്‌നിയും വേര്‍പിരിഞ്ഞു. 2024 മുതല്‍ നീരജ് സെലസ്‌നിയുടെ കീഴിലാണ് പരിശീലിക്കുന്നത്. പരസ്പര ധാരണയനുസരിച്ചാണ് ഇരുവരും വേര്‍പിരിഞ്ഞത്.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ നീരജ് ചോപ്രയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. താരം എട്ടാം സ്ഥാനത്താണ് എത്തിയത്. ഇതോടെയാണ് പുതിയ കോച്ച് എന്ന ആശയത്തിലേക്ക് നീരജ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം കരിയറില്‍ ആദ്യമായി നീരജ് 90 മീറ്റര്‍ ദൂരം പിന്നിട്ടത് സെലസ്നിയുടെ പരിശീലനത്തിലാണ്. ദോഹ ഡയമണ്ട് ലീഗിലാണ് താരം 90 മീറ്റര്‍ താണ്ടിയത്.
അദ്ദേഹത്തിന്റെ കീഴില്‍ തനിക്കു പുതിയ തന്ത്രങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. പുതിയ വഴികളും താളവും ചലനങ്ങളും സാങ്കേതിക ഭദ്രമായി നിലനിര്‍ത്തി കളിക്കാനുള്ള മികവും അദ്ദേഹം സന്നിവേശിപ്പിച്ചതായി നീരജ് വ്യക്തമാക്കി.
മൂന്ന് തവണ ഒളിംപിക്സ് സ്വര്‍ണവും മൂന്ന് തവണ ജാവലിന്‍ ലോക ചാംപ്യന്‍ പട്ടവും സ്വന്തമാക്കിയ താരമാണ് സെലസ്നി. നിലവില്‍ ജാവലിനിലെ ലോക റെക്കോര്‍ഡും സെലസ്നിയുടെ പേരിലാണ്. 1996ല്‍ സെലസ്നി സ്ഥാപിച്ച 98.48 മീറ്ററിന്റെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു.
