ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ലോക ചാംപ്യന്‍ പി വി സിന്ധുവും പാരിസ് ഒളിംപിക് സെമിഫൈനലിസ്റ്റ് ലക്ഷ്യ സെന്നും പുറത്തായി. ജക്കാര്‍ത്തയിലെ ഇസ്റ്റോറ സെനയനില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ ഇരുതാരങ്ങളും തോറ്റതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ലോക 13-ാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവുമായ സിന്ധു, 42 മിനിറ്റ് നീണ്ട മല്‍സരത്തില്‍ ചൈനയുടെ ടോക്കിയോ 2020 വനിതാ സിംഗിള്‍സ് ചാംപ്യനുമായ ചെന്‍ യു ഫെയിയോട് 21-13, 21-17 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. 14 മല്‍സരങ്ങളില്‍ എട്ടാം തോല്‍വിയാണ് സിന്ധു ഏറ്റുവാങ്ങിയത്.
മല്‍സരത്തില്‍ 27 കാരിയായ ചെന്‍ യു ഫെയ് ആദ്യ ഗെയിമില്‍ തന്നെ 5-0 ന് മുന്നിലെത്തിയിരുന്നു. പിന്നാലെ ഇന്ത്യന്‍ താരം 9-8 എന്ന നിലയില്‍ തിരിച്ചെത്തി, പക്ഷേ കളിയുടെ ഇടവേളയ്ക്ക് ശേഷം ചെന്‍ യു ഫെയ് നിയന്ത്രണം വീണ്ടെടുത്തു, കളി ആധിപത്യത്തോടെ അവസാനിപ്പിച്ചു.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍, പാരീസ് 2024 സെമിഫൈനലിസ്റ്റ് ലക്ഷ്യ സെന്നിനെ 46 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തില്‍ തായ്ലന്‍ഡിന്റെ പനിച്ചഫോണ്‍ തീരരത്സകുല്‍ 21-18, 22-20 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.
