ഫോര്‍മുല വണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; കിടപ്പിലായിരുന്ന ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

Update: 2026-01-27 07:23 GMT

ജനീവ: 12 വര്‍ഷങ്ങള്‍ക്കും ഒരു മാസത്തിനും ശേഷം ഫോര്‍മുല വണ്‍ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത സ്‌കീയിങ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായിരുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. വീല്‍ച്ചെയറില്‍ ഇരിക്കാവുന്ന സ്ഥിതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മാധ്യമമായ ഡെയ്ലി മെയിലാണ് ഷൂമാക്കറുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് വിവരങ്ങള്‍ പങ്കുവച്ചത്.

വീല്‍ച്ചെയറില്‍ ഇരിക്കുന്ന അവസ്ഥയിലാണെന്നും സ്‌പെയിനിലെ മയ്യോര്‍ക്കയിലുള്ള എസ്റ്റേറ്റിലും ജനീവ തടാകതീരത്തുള്ള വസതിയിലുമെല്ലാം അദ്ദേഹം എത്താറുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 57 വയസ്സുകാരനായ ജര്‍മന്‍ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത കുടുംബാംഗങ്ങള്‍ക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ക്കും മാത്രമറിയാവുന്ന രഹസ്യമായി സൂക്ഷിച്ചുവരികയായിരുന്നു. 'ലോക്ക്ഡ്-ഇന്‍ സിന്‍ഡ്രോം' എന്ന അവസ്ഥയിലാണ് ഷൂമാക്കറെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പൂര്‍ണ ബോധത്തോടെയാണെങ്കിലും കണ്ണുകള്‍ ചിമ്മി മാത്രം പ്രതികരിക്കാന്‍ കഴിയുന്ന അവസ്ഥയാണിത്. എന്നാല്‍ ഈ പ്രചാരണവും തെറ്റാണെന്ന് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.

ഭാര്യ കോറിനയും ഒരു സംഘം നഴ്‌സുമാരും തെറപ്പിസ്റ്റുകളും ചേര്‍ന്നാണ് താരത്തെ പരിചരിക്കുന്നത്. ആഴ്ചയില്‍ പതിനായിരക്കണക്കിന് പൗണ്ട് ചെലവുവരുന്ന ഈ സംഘം 24 മണിക്കൂറും ഷൂമാക്കര്‍ക്ക് ഒപ്പമുണ്ട്. കായികരംഗത്തെ ആദ്യ ശതകോടീശ്വരനാണ് ഷൂമാക്കര്‍. ഏഴു തവണ എഫ് വണ്‍ ലോക ചാംപ്യനായ ഷൂമാക്കര്‍, 2013 ഡിസംബര്‍ 29നാണ് ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരകളില്‍ സ്‌കീയിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

ഫ്രഞ്ച് റിസോര്‍ട്ടായ മെറിബെലില്‍ മകന്‍ മിക്കിനൊപ്പം സ്‌കീയിങ് നടത്തുന്നതിനിടെ ഷൂമാക്കര്‍ തെന്നി വീഴുകയും തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഷൂമാക്കറെ 2014 സെപ്റ്റംബറില്‍ ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരുകയായിരുന്നു.

താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വരുന്ന ആദ്യ വെളിപ്പെടുത്തലാണിത്. അദ്ദേഹത്തിന്റെ അവശതയിലുള്ള ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച ചില മുന്‍ ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. 2024ല്‍ മകള്‍ ജീനയുടെ വിവാഹത്തില്‍ അദ്ദേഹം പങ്കെടുത്തെന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി.





Tags: