ഉത്തേജക മരുന്നു ഉപയോഗം: ഒളിംപ്യന്‍ സീമ പുനിയയ്ക്ക് 16 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി
ഹൈദരാബാദ്: മുന്‍ ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോ ചാംപ്യന്‍ സീമ പുനിയയ്ക്ക് 16 മാസത്തെ വിലക്ക്. നിരോധിത പദാര്‍ത്ഥം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിനു ഇന്ത്യയുടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) 16 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.
2004ല്‍ ഏഥന്‍സ്, 2012-ല്‍ ലണ്ടന്‍, 2016-ല്‍ റിയോ, 2020-ല്‍ ടോക്കിയോ എന്നിവിടങ്ങളില്‍ മത്സരിച്ച് നാല് തവണ ഒളിംപ്യനായ 42കാരിയായ ഇന്ത്യന്‍ അത്ലറ്റ് ഏറ്റവും പരിചയസമ്പന്നരായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകളില്‍ ഒരാളാണ്. 2014 ലെ ഇഞ്ചിയോണിലെ സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണ് സീമ പുനിയ. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് മെഡലുകളും നേടിയിട്ടുണ്ട്.
ഉത്തേജക വിരുദ്ധ അച്ചടക്ക പാനലിന്റെ (എഡിഡിപി) വിധി പ്രകാരം നവംബര്‍ 10 മുതല്‍ സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നു. നാഡയുടെ പുതുക്കിയ കുറ്റവാളികളുടെ പട്ടികയില്‍ 12 മൈനര്‍ അത്ലറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മുമ്പ് ഉത്തേജക മരുന്ന് വിവാദങ്ങള്‍ നേരിട്ടിട്ടുള്ള പുനിയയുടെ കരിയറിനെ പുതിയ നിയമലംഘനം കൂടുതല്‍ കളങ്കപ്പെടുത്തും.
2000-ല്‍ ചിലിയിലെ സാന്റിയാഗോയില്‍ നടന്ന ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 17-ാം വയസ്സില്‍ സ്യൂഡോഎഫെഡ്രിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുടെ സ്വര്‍ണ്ണ മെഡല്‍ തിരിച്ചുപിടിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ താരം വെങ്കല മെഡല്‍ നേടി. പിന്നാലെ കരിയറില്‍ മറ്റൊരു ഉത്തേജക കുറ്റം കൂടി രേഖപ്പെടുത്തി.
