ലഗോസ്: മുന്‍ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍ ആന്തണി ജോഷ്വക്ക് കാര്‍ അപകടത്തില്‍ പരിക്ക്. നൈജീരിയയിലെ ലഗോസ്-ഇബാദാന്‍ എക്സ്പ്രസ്സ്സ് വേയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ജോഷ്വ സഞ്ചരിച്ച വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടാവുന്നത്. അപകടത്തില്‍പ്പെട്ട കാറിന്റെ പിന്‍സീറ്റിലാണ് ജോഷ്വ ഉണ്ടായിരുന്നത്. ജോഷ്വയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. അപകടത്തിന് പിന്നാലെ കാറില്‍ നിന്ന് ബോക്സറെ പുറത്തെത്തിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ താരം വേദന കൊണ്ട് പുളയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബോക്സിങ് റിങ്ങിലേക്ക് മടങ്ങിയെത്തി ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് അപകടം. ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍ യൂട്യൂബര്‍ കൂടിയായ ബോക്സര്‍ ജേക്ക് പോളിനെ ജോഷ്വ പരാജയപ്പെടുത്തിയിരുന്നു.