മ്യൂനിച്ച്: ഇതിഹാസ താരം സാബി അലോണ്‍സോ റയല്‍ മാഡ്രിഡ് പരിശീലകനായേക്കും. ഇതിന് മുന്നോടിയായി സാബി ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍ക്യൂസന്‍ വിട്ടു. മൂന്ന് വര്‍ഷം ലെവര്‍ക്യൂസന്റെ പരിശീലകനായിരുന്നു മുന്‍ സ്പാനിഷ് താരം കൂടിയായ സാബി. തന്റെ മുന്‍ ക്ലബായ റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാനാണ് സാബി എത്തുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്ന് ചുമതല ഏറ്റെടുക്കുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
പരിശീലകനെന്ന നിരയില്‍ സാബിക്ക് മികച്ച റെക്കോര്‍ഡാണ് ലെവര്‍ക്യൂസനൊപ്പം. അവരെ ആദ്യ ബുണ്ടസ് ലിഗ കിരീടത്തിലേക്ക് നയിക്കാന്‍ സാബിക്ക് സാധിച്ചിരുന്നു. ഈ സീസണില്‍ രണ്ടാം സ്ഥാനത്താണ് ടീം. കാര്‍ലോ ആഞ്ചലോട്ടി ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സാബി എത്തുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ആഞ്ചലോട്ടി ഒഴിയാന്‍ തീരുമാനിച്ചത്.
ഹോം ഗ്രൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ റയല്‍ ഇരുപാദങ്ങളിലുമായിഒന്നിനെതിരെ അഞ്ച് ഗോളിനാണ് നാണംകെട്ടത്. മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പടെ റയലിന് 13 പ്രധാന കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് ആഞ്ചലോട്ടി. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡും റയല്‍ മാഡ്രിഡിലെത്തും. ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കില്ലെന്ന് പ്രതിരോധ താരമായ അര്‍നോള്‍ഡ് വ്യക്തമാക്കി.