ബ്യൂണസ്‌ഐറിസ്: സൂപ്പര്‍ താരം മെസിക്ക് സെപ്തംബറിലെ വെനസ്വേലക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരം നഷ്ടമായേക്കുമെന്ന് റിപോര്‍ട്ട്. നിലവിലെ പരിക്കിനെ തുടര്‍ന്ന് സെപ്തംബറിലെ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരം മെസിക്ക് നഷ്ടമാവുമോ എന്ന വലിയ ആശങ്കയാണ് ഉയരുന്നത്. സെപ്തംബര്‍ നാലിനാണ് വെനസ്വേലക്കെതിരായ മല്‍സരം.
ഇതിന് വേദിയാവുന്നത് ബ്യൂണസ് ഐറിസ് ആണ്. വെനസ്വേലക്കെതിരായ മല്‍സരത്തിന് പിന്നാലെ ഇക്വഡോറിനേയും ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീന നേരിടുന്നുണ്ട്. സെപ്തംബര്‍ ഒന്‍പതിനാണ് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരം. ഇക്വഡോറിലാണ് ഈ മല്‍സരം. ഈ രണ്ട് മല്‍സരങ്ങള്‍ക്കുമായുള്ള അര്‍ജന്റീനയുടെ പ്രിലിമിനറി സ്‌ക്വാഡില്‍ മെസിയുടെ പേരും പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍ മയാമിക്കായി കളിക്കുന്ന മെസി പരിക്കിന്റെ പിടിയിലേക്ക് വീണിരിക്കുന്നു എന്ന നിലയില്‍ നേരത്തെ റിപോര്‍ട്ടുകളും വന്നിരുന്നു. നേരത്തെ വലത് കാലിലെ മസില്‍ ഇഞ്ചുറി മെസിയെ അലട്ടിയിരുന്നു. ഇന്റര്‍ മയാമിക്ക് വേണ്ടിയുള്ള കഴിഞ്ഞ മല്‍സരത്തില്‍ മെസി നടക്കാന്‍ പ്രയാസപ്പെട്ടാണ് ഗ്രൗണ്ട് വിട്ടത്.
പരിക്കിനെ തുടര്‍ന്ന് ഇന്റര്‍ മയാമി-ടൈഗേഴ്‌സ് ലീഗ് കപ്പ് ക്വാട്ടര്‍ ഫൈനലില്‍ മെസി കളിക്കുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. മെസിയുടെ പരിക്ക് നിരീക്ഷിക്കുകയാണ് എന്നും കളിക്കാനാവില്ല എന്ന് ഇപ്പോള്‍ പൂര്‍ണമായും പറയാനാവില്ല എന്നുമാണ് ഇന്റര്‍ മയാമി പരിശീലകന്‍ മഷറാനോ വ്യക്തമാക്കിയത്.
